SignIn
Kerala Kaumudi Online
Monday, 25 May 2026 8.31 AM IST

തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയിൽ ഭീഷണിയായി മരക്കൊമ്പുകൾ

kannur-2-
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരം

ശ്രീകണ്ഠപുരം: തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ മരങ്ങളുടെ ശിഖരങ്ങൾ ഭീഷണി. റോഡിലേക്ക് വ്യാപിച്ചുകിടക്കുന്ന ശിഖരങ്ങൾ ബസിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ശല്യമായി മാറുന്നത്. ബസിന്റെ സൈഡിലിരിക്കുന്ന യാത്രക്കാരുടെ മുഖത്തേക്ക് വരെ വൻമരങ്ങളുടെ കൊമ്പുകൾ തട്ടുന്നുണ്ട്. ചിലപ്പോൾ കണ്ണിലേക്ക് മുട്ടുകയും പൊടികയറുകയും ചെയ്യുന്നു. പല യാത്രക്കാരും ഇതിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളത്.
വന്മരങ്ങളുടെ വലിയ കൊമ്പുകളും ഇലക്കൂട്ടങ്ങളും റോഡിന്റെ ഭൂരിഭാഗവും മൂടിക്കിടക്കുന്നതിനാൽ വാഹനഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായാണ് പരാതി. ഡ്രൈവർമാർക്കും ഇത് ശല്യമാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. കരിമ്പം മുതൽ വളക്കൈ വരെയും, നിടുവാലൂർ മുതൽ ചേരൻകുന്ന് വരെയും മരങ്ങളുടെ കൊമ്പുകൾ റോഡിലേക്ക് കയറിയ നിലയിലാണ്. സ്‌കൂൾ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ചരക്കുവാഹനങ്ങൾ തുടങ്ങി വിവിധ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡായതിനാൽ അപകടസാദ്ധ്യതയും വർദ്ധിച്ചിരിക്കുകയാണ്.


മഴക്കാലത്ത് ദുരിതം ഇരട്ടിയാകും

സംസ്ഥാന പാതയിൽ കടപുഴകി വീഴാൻ സാദ്ധ്യയുള്ള മരങ്ങളും ഉള്ളതിനാൽ ഭീതിയോടെയാണ് യാത്രക്കാർ കടന്നുപോകുന്നത്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ഗതാഗതം തന്നെ തടസപ്പെടാനും സാദ്ധ്യതയുണ്ട്.


വൈദ്യുതി ബന്ധവും

തകരാറിലാകും

ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീഴുന്നത് പതിവാണ്. ഇതുമൂലം പലപ്പോഴും വൈദ്യുതി തടസ്സപ്പെടുന്നു. കാലവർഷക്കാലമാണ് ജനങ്ങൾ ഏറെ ദുരിതം അനുഭവിക്കുന്നത്. കരിമ്പം, ചേരൻകുന്ന്, നിടുവാലൂർ ഭാഗങ്ങളിലെ മരങ്ങളുടെ കൊമ്പുകളാണ് റോഡിലേക്ക് തള്ളി അപകടഭീഷണി ഉയർത്തുന്നത്. മരം കടപുഴകി വീണാൽ പ്രദേശത്തെ ഒട്ടേറെ വൈദ്യുതി തൂണുകൾ നിലംപൊത്തുമെന്നും ആശങ്കയുണ്ട്.

നാട്ടുകാരും യാത്രക്കാരും മരങ്ങളുടെ കൊമ്പുകൾ മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. റോഡരികിലെ കാടും മരശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റി യാത്രാസുരക്ഷ ഉറപ്പാക്കണം.

കുമാരൻ, ചൊറുക്കള

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL