SignIn
Kerala Kaumudi Online
Saturday, 13 June 2026 2.24 PM IST

ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന, ഒഴിയാതെ ഭീതി

1
1

വടക്കാഞ്ചേരി : മേഖലയിൽ ഒഴിയാതെ കാട്ടാനഭീതി. ഇന്നലെ മാരാത്തുകുന്ന് ജനവാസ മേഖലയിൽ ആനയെത്തി. ചേപ്പിലക്കോട് ശ്രീജിത്തിന്റെ വീട്ടുമുറ്റത്താണ് കൊമ്പനെ കണ്ടത്. പറമ്പിലെ കാർഷിക വിളകൾ ഒന്നാകെ നശിപ്പിച്ചു. അയൽവാസികളുടെ പറമ്പുകളിലും നാശം സൃഷ്ടിച്ചിട്ടുണ്ട്. നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് ശ്രീജിത്ത് വീടിന് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുമുറ്റത്ത് ആനയെ കണ്ടത്. ആദ്യമായാണ് ഈ മേഖലയിൽ ആനയെത്തുന്നതെന്ന് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല മോഹൻ അറിയിച്ചു. ജനങ്ങളുടെ ഭീതി അകറ്റാൻ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
കുതിരാൻ തുരങ്കം യാഥാർത്ഥ്യമാവുകയും വാഹനങ്ങൾ തുരങ്കത്തിലൂടെ പ്രയാണമാരംഭിക്കുകയും ചെയ്തതോടെ ഈമേഖലയിൽ നിന്ന് ആനക്കൂട്ടം മച്ചാട് വനമേഖലയിലേക്ക് സുഗമമായി പ്രവേശിക്കുകയും, വാഴാനി, പഴയന്നൂപ്പാടം, മേലിലം, കാക്കിനിക്കാട്,അകമല, മങ്കര,ചേലക്കര തുടങ്ങി പ്രദേശങ്ങളിൽ ജനവാസ മേഖലയിൽ പ്രവേശിക്കുകയും ചെയ്തുവെന്നാണ് നിഗമനം. അകമലമേഖലയിൽ ലക്ഷങ്ങളുടെ കാർഷിക നാശമാണ് ആനകൾ സൃഷ്ടിച്ചത്. ഏക്കർ കണക്കിന് സ്ഥലത്ത് വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. പ്ലാവുകൾ കുത്തിമറിച്ചിട്ടു. റബർ തോട്ടങ്ങളിലും വിഹരിച്ചു. പട്ടാപ്പകലും കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചതോടെ തൊഴിലാളികൾക്ക് ഉണ്ടായ തൊഴിൽ നഷ്ടവും ലക്ഷങ്ങുടേതാണ്. കുടിവെള്ള പദ്ധതികൾ തകർത്ത ആനകൾ, വീടുകൾക്ക് നേരെയും അകമല ഫോറസ്റ്റ് സ്‌റ്റേഷന് നേരെയും ആക്രമണമഴിച്ച് വിട്ടു. അകമലയിൽ ഒരു കൊമ്പൻ ഭീതിയാകുന്നു. സോളാർ ഫെൻസിംഗ് വരെ ചവിട്ടിമെതിച്ചാണ് വിഹാരം. വെള്ളാംകുണ്ടിൽ ഗോവിന്ദൻകുട്ടി, പൂക്കുന്നത്ത് ബാബു, കെ.പി.മദനൻ എന്നിവരുടെ കൃഷിയിടത്തിൽ ഇനി നശിപ്പിക്കാനൊന്നുമില്ല. ആനകളെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പിന്റെ സ്മൂത്ത് ഡ്രൈവും പുരോഗമിക്കുന്നു.

തൂക്കുവേലിയും പരിഹാരമായില്ല
പീച്ചി വന്യമൃഗ സങ്കേതത്തിൽ നിന്ന് വാഴാനി, മച്ചാട് ഭാഗത്തേക്ക് ആന ഇറങ്ങുന്നത് തടയാൻ 1.6 കിലോമീറ്ററിൽ നിർമിച്ച തൂക്കുവേലിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും മച്ചാട് വനമേഖലയിൽ കാട്ടാന ശല്യത്തിന് പരിഹാരമില്ല. 14.5 ലക്ഷം രൂപ ചെലവിലാണ് തൂക്ക് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കുതിരാൻ മേഖലയിൽ ഉണ്ടാകാറുള്ള വന്യമൃഗശല്യം തടയാൻ ഒരു പരിധി വരെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആനശൗര്യത്തിന് മുന്നിൽ എല്ലാം നിഷ്ഫലം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL