
കാലിഫോർണിയ: പ്രശസ്‌ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ രോഗബാധയെ തുടർന്ന് ലോസാഞ്ചലസിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് മകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2014ൽ തൊണ്ടയിൽ അർബുദ രോഗം അദ്ദേഹത്തിന് ബാധിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം ഭേദമായി.
80-90കളിൽ ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയനും വിലയേറിയതുമായ താരമായിരുന്നു വാൽ കിൽമർ. ടോം ക്രൂസ് ചിത്രം ടോപ് ഗണിൽ സഹനടനായുള്ള അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഒലിവർ സ്റ്റോണിന്റെ ദി ഡോർസിൽ (1991) ജിം മോറിസൺ എന്ന അദ്ദേഹത്തിന്റെ കഥാപാത്രവും ഹോളിവുഡ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
സൂപ്പർഹീറോ ബാറ്റ്‌മാൻ പരമ്പര ചിത്രങ്ങളിൽ ബാറ്റ്‌മാൻ ഫോറെവറിൽ നായകവേഷം ചെയ്‌തത് അദ്ദേഹത്തെ ഏറെ പ്രശസ്‌തനാക്കി. ഇതോടൊപ്പം ടോംബ് സ്റ്റോൺ, ഹീറ്റ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.
ട്രാക്കിയോടമി ശസ്‌ത്രക്രിയ അദ്ദേഹത്തിന്റെ ശബ്‌ദത്തെ ബാധിച്ചിരുന്നു. ഇതുമൂലം അഭിനയ ജീവിതത്തിലും തടസം വന്നു. എന്നാൽ 2022ൽ ടോം ക്രൂസിനൊപ്പം ഫൈറ്റർ പൈലറ്റ് ഐസ്‌മാൻ എന്ന വേഷം ടോപ് ഗൺ:മേവ്‌റിക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച് അദ്ദേഹം തിരികെവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |