SignIn
Kerala Kaumudi Online
Monday, 08 June 2026 9.00 PM IST

കാംബോജ് മറക്കാനാഗ്രഹിക്കുന്ന ആ  രാത്രി; നാണക്കേടിന്റെ റെക്കാഡ് വാരിക്കൂട്ടി സിഎസ്‌കെ താരം

anshul-kamboj-

ലക്‌നൗ: ക്രിക്കറ്റിൽ ഇന്നലെ ഹീറോ ആകുന്നയാൾ ഇന്ന് സീറോ ആകാൻ ഒരു ഓവർ മാത്രം മതി. പ്രത്യേകിച്ചും ട്വന്റി-20 മത്സരങ്ങളിൽ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിക്കറ്റ് വേട്ടക്കാരൻ അൻഷുൽ കാംബോജ് ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരെ അനുഭവിച്ചതും ഇതേ യാഥാർത്ഥ്യമാണ്. ഐപിഎൽ സീസണിൽ ചെന്നൈയ്ക്കായി മിന്നും ഫോമിൽ പന്തെറിഞ്ഞിരുന്ന കാംബോജിന് ലക്‌നൗവിനെതിരായ മത്സരം അല്പം കടുപ്പമായിരുന്നു. വെറും 16 പന്തുകൾ മാത്രമാണ് താരം എറിഞ്ഞത്. പക്ഷേ ആ കുറഞ്ഞ സമയം കൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം റെക്കാഡുകളുടെ പട്ടികയിലേക്കാണ് കാംബോജ് എത്തിയത്.

ഈ സീസണിൽ സിഎസ്‌കെയുടെ ബൗളിംഗ് നട്ടെല്ലായിരുന്നു കാംബോജ്. 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തായിരുന്നു താരം. എന്നാൽ എൽഎസ്‌ജിക്കെതിരായ മത്സരത്തിൽ ഈ മികച്ച ട്രാക്ക് റെക്കാഡുകളൊന്നും താരത്തെ രക്ഷിച്ചില്ല. മത്സരത്തിൽ വെറും 2.4 ഓവർ (16 പന്ത്) മാത്രമാണ് കാംബോജ് എറിഞ്ഞത്. വിക്കറ്റൊന്നും നേടാനായില്ലെന്ന് മാത്രമല്ല, വഴങ്ങിയത് 63 റൺസ്. കാംബോജ് എറിഞ്ഞ 16 പന്തുകളിൽ എട്ട് എണ്ണവും ബൗണ്ടറി കടന്ന് സിക്സറുകളായി. ഫോറുകൾ കൂടി കൂട്ടിയാൽ എറിഞ്ഞതിൽ 11 പന്തുകളും ബൗണ്ടറി ലൈൻ തൊട്ടു.

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ തന്റെ തുടർച്ചയായ ഓവറുകളിൽ നാല് സിക്സറുകൾ വീതം വഴങ്ങുന്നത്. കാംബോജ് എറിഞ്ഞ രണ്ടാം ഓവറിൽ മിച്ചൽ മാർഷും, മൂന്നാം ഓവറിൽ നിക്കോളാസ് പൂരനുമാണ് തുടർച്ചയായി നാല് സിക്സറുകൾ വീതം പറത്തി നാണക്കേട് നിറഞ്ഞ റെക്കാഡ് കാംബോജിന്റെ തലയിലാക്കിയത്.

ഐപിഎല്ലിൽ ഒരു ഇന്നിംഗ‌്‌സിൽ എട്ട് സിക്‌സറുകൾ വഴങ്ങുന്ന രണ്ടാമത്തെ ബൗളറായി കാംബോജ് മാറി. മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60നു മുകളിൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറാണ് കാംബോജ്. 2025ൽ ആർസിബിക്കെതിരെ മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് റെക്കാഡിൽ ഒന്നാമൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, KAMBOJ, LATESTNEWS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360