SignIn
Kerala Kaumudi Online
Friday, 12 June 2026 6.37 AM IST

പതിറ്റാണ്ടിന്റെ കാത്തിരിപ്പ് , ശ്രീജേഷ് സ്റ്റേഡിയം യാഥാർത്ഥ്യമാകും

vps

കിഴക്കമ്പലം: ഒരുപതിറ്റാണ്ടോളം അനിശ്ചിതത്വത്തിലും അവഗണനയിലും കുടുങ്ങിക്കിടന്ന ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേരിലുള്ള പള്ളിക്കര ശ്രീജേഷ് സ്റ്റേഡിയം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത നേട്ടത്തിന്റെ സ്മരണയ്ക്കായി പ്രഖ്യാപിച്ച പദ്ധതി വർഷങ്ങളായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ ഫണ്ടും അനുവദിക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പ്രഖ്യാപിച്ചതോടെ സ്റ്റേഡിയത്തിന് വീണ്ടും ജീവൻവയ്ക്കുന്നു.

കായിക പ്രതിഭകൾക്ക് തിരിച്ചടി

2014ലെ ഏഷ്യൻ ഗെയിംസ് വിജയത്തിന് പിന്നാലെ കുന്നത്തുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രീജേഷിന് നൽകിയ സ്വീകരണ ചടങ്ങിലാണ് അന്നത്തെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റേഡിയം നിർമ്മാണം പ്രഖ്യാപിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലെ പ്രതിസന്ധികൾക്കുശേഷം പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മൈതാനമാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. മൈതാനം ഏറ്റെടുത്തതോടെ വർഷങ്ങളായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. ദേശീയതലത്തിലും പൊലീസ് സേനയിലുമടക്കം നിരവധി കായികതാരങ്ങളെ വളർത്തിയെടുത്ത മൈതാനത്തിന്റെ നഷ്ടം പ്രദേശത്തെ കായികരംഗത്തിന് വലിയ തിരിച്ചടിയായി.

98.50 ലക്ഷംരൂപയുടെ പദ്ധതി പാതിവഴിയിൽ

പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട്, ബി.പി.സി.എൽ സി.എസ്.ആർ ഫണ്ട് എന്നിവ ഉൾപ്പെടുത്തി 98.50 ലക്ഷം രൂപ ചെലവിൽ ഇൻഡോർ വോളിബാൾ സ്റ്റേഡിയം നിർമ്മിക്കാനായിരുന്നു പദ്ധതി.

പഞ്ചായത്ത് അധികൃതർ, എക്സിക്യൂട്ടീവ് എൻജിനിയർ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ അധികഫണ്ടും അനുവദിക്കുമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പ്രഖ്യാപിച്ചത്. നിലവിലെ അവസ്ഥ വിലയിരുത്തി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബഡ്ജറ്റ് നടപടികൾ പൂർത്തിയായ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.

ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയം പൂർത്തിയാകുന്നതോടെ പള്ളിക്കരയും കുന്നത്തുനാടും കേരളത്തിന്റെ കായിക ഭൂപടത്തിൽ ശക്തമായി അടയാളപ്പെടുത്തും.

വി.പി. സജീന്ദ്രൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL