
കൊച്ചി: പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽ നടന്ന ഹിയറിംഗിൽ സബ് കളക്ടറെ സാക്ഷിയാക്കി പരാതിക്കാരനും അഭിഭാഷകയ്‌ക്കും എതിരെ കൊലവിളി നടന്നതായി പരാതി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ മേയ് 22ന് നടത്തിയ ഹിയറിംഗിലാണ് അസാധാരണ രംഗങ്ങൾ അരങ്ങേറിയത്.
ഭീഷണി ഉയർത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരനായ സുരേഷ് പടക്കാറ സബ് കളക്ടർക്ക് കത്തുനൽകി. ഇദ്ദേഹത്തിന്റെ അഭിഭാഷക കെ.രശ്മി ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകി. പരാതിപ്പെട്ടപ്പോൾ പൊലീസിനെ സമീപിക്കാനാണ് ഗ്രന്ഥേ സായികൃഷ്ണ പറഞ്ഞതെന്നാണ് അഡ്വ. രശ്മിയുടെ പരാതിയിലുള്ളത്. തന്നെയും കക്ഷിയായ സുരേഷ് പടക്കാറയെയും തീർത്തുകളയുമെന്ന് ഹിയറിംഗിനിടെയും മുറിക്ക് പുറത്തുവച്ചും സിറ്റിംഗിനെത്തിയ സമീപവാസിയായ ടി.എം.സുരേന്ദ്രനാഥും വിശ്വനാഥഭട്ടും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
• തീരാത്ത ഭൂമി തർക്കം
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള അഴകിയകാവിന്റെ വേലവെളിപ്പറമ്പായ 4.45 ഏക്കർ ഭൂമി റവന്യൂ പുറമ്പോക്കാക്കി മാറ്റിയത് സംബന്ധിച്ചാണ് കേസും സിറ്റിംഗും. ഫോർട്ടുകൊച്ചി ആർ.ഡി.ഒ രണ്ടുവട്ടം ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തർക്കമുള്ളത് ദേവസ്വം ബോർഡും റവന്യൂ അധികൃതരും തമ്മിലാണ്. വീണ്ടും ബന്ധപ്പെട്ടവരെ കേട്ട് തീരുമാനമെടുക്കാനുള്ള കഴിഞ്ഞ നവംബർ 11ലെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഹിയറിംഗ് നടത്തിയത്. ഈ ഭൂമിയിലൂടെ തോപ്പുംപടി - അരൂർ ഹൈവേയിലേക്ക് വഴിവേണമെന്ന് ആവശ്യപ്പെടുന്നവരാണ് സുരേന്ദ്രനാഥും വിശ്വനാഥഭട്ടും. രണ്ടുപേരും തർക്കത്തിലുള്ള ഭൂമിയുമായി അതിർത്തി പങ്കിടുന്നവരുമല്ല. സുരേഷ് പടക്കാറ ക്ഷേത്രഭൂമി സംരക്ഷണത്തിനായി നിയമയുദ്ധം നടത്തുന്ന പരിസരവാസിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |