
കോട്ടയം: ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കോട്ടയവും കാൽപ്പന്താരവത്തിൽ അലിഞ്ഞു
ജില്ലയിലെ കവലകളും ജംഗ്ഷനുകളും വിവിധ ടീമുകളുടേയും താരങ്ങളുടേയും വർണാഭമായ ഫ്ലക്‌സുകളും ബോർഡുകളും കൊണ്ട് നിറഞ്ഞു. ലയണൽ മെസി, ക്രിസ്റ്റിയാനോ റൊണാൾഡോ, നെയ്‌മർ ജൂനിയർ ഉൾപ്പെടെയുള്ള ലോകഫുട്ബാളിലെ സൂപ്പർതാരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ പലയിടത്തും ഉയർത്തി.
ഇത്തവണയും കിരീടത്തിൽ മെസി മുത്തമിടുമെന്നാണ് അർജന്റീന ആരാധകരുടെ പ്രതീക്ഷ. അതേസമയം പഴയ പ്രതാപം വീണ്ടെടുത്ത് ബ്രസീൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് മഞ്ഞപ്പടയുടെ വിശ്വാസം. പറങ്കിപ്പട പറയുന്നത് കപ്പ് റൊണാൾഡോയ്ക്ക് തന്നെയെന്നാണ്. ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ഇംഗ്ലണ്ട്, ജപ്പാൻ മിക്ക ടീമുകൾക്കും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സജീവ ആരാധകവൃന്ദങ്ങളുണ്ട്.
ഫ്ലക്‌സിലാണ് കളി
താഴത്തങ്ങാടി പാലം, കുമ്മനം, പുല്ലരിക്കുന്ന്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, പാലാ പ്രവിത്താനം, ഉഴവൂർ, കാണക്കാരി, ആപ്പാഞ്ചിറ, വെട്ടിക്കാട്ടുമുക്ക്, വൈക്കം തുടങ്ങി ജില്ലയിൽ എല്ലായിടത്തും വിവിധ ടീമുകളുടെ ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.
ക്ലബുകളിലും വായനശാലകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ബിഗ് സ്‌ക്രീനുകളിൽ മത്സരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
ഫ്ലെക്‌സിൽ മറഡോണ യുടെ ഫെയർപ്ലേ! കോട്ടയം: കുമരകത്തെ യുവജന കൂട്ടായ്മയുടെ ഐക്യവും ഫുട്‌ബോൾ പ്രണയവും ഒരുമിച്ചപ്പോൾ ലഭിച്ചത് ഗംഭീര ദൃശ്യവിരുന്ന്. എസ്.എൻ കോളേജിന് സമീപം വർഷങ്ങളായി പ്രവർത്തിക്കുന്ന മറഡോണ ക്ലബിന്റെ നേതൃത്വത്തിൽ ചക്രംപടി പാലത്തിന് സമീപം സ്ഥാപിച്ച ഭീമൻ ഫ്ലെക്‌സ് ബോർഡാണ് ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രം. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ ഒരുമിച്ചുള്ള ഫ്ലെക്സ് ബോർഡാണ് മറഡോണ ക്ലബ് ഉയർത്തിയത്. സാധാരണ ഈ മൂന്ന് ടീമുകളുടേയും ആരാധകർ ഒറ്റയ്ക്കൊറ്റയ്ക്ക് ഫ്ലെക്സുയർത്തി വെല്ലുവിളിക്കുമ്പോഴാണ് മറഡോണയുടെ ഫെയർപ്ലേ. 60 അടി നീളവും 6 അടി ഉയരവുമുണ്ട് മറഡോണയുടെ ഫ്ലെക്സിന്. ഫുട്ബാൾ ആവേശം ജനങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഫ്ലെക്‌സ് സ്ഥാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, കായിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ മറഡോണ ക്ലബിന്റെ ഈ പുതിയ ശ്രമം ഇതിനോടകം നാട്ടുകാർക്കും യുവജനങ്ങൾക്കും കൗതുകമായി. ഗ്രാമത്തിന്റെ കായിക സംസ്‌കാരത്തെയും യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തെയും അടയാളപ്പെടുത്തുന്ന ഭീമൻ ഫ്ലെക്‌സ് കുമരകത്തിന്റെ പുതിയ ആകർഷണമായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |