SignIn
Kerala Kaumudi Online
Monday, 15 June 2026 12.07 PM IST

മെസിയുടെ ബാഴ്സ കരാർ ഈ മാസം തീരും, കരാർ നീട്ടാൻ തടസമായി ലാ ലിഗ നിയമം, ക്ലബ് വിടാൻ സാദ്ധ്യത?

messi

ബാഴ്സലോണ: ലയണൽ മെസിയുമായി ബാഴ്സയ്ക്കുള്ള കരാർ ഈ മാസം 30ന് അവസാനിക്കുകയാണ്. അതിനു മുമ്പ് കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റ് ആയി മെസിക്ക് പുതിയൊരു ക്ളബിലേക്ക് കളം മാറ്റാൻ സാധിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം സുവാരസിനെ ഒഴിവാക്കിയ നടപടിയെ തുടർന്ന് ക്ളബ് അധികൃതരുമായി ഉടക്കിയ മെസി ക്ളബ് വിടുന്നതിന്റെ വക്കിൽ എത്തിയിരുന്നു. എന്നാൽ സാങ്കേതികമായ കാരണങ്ങളുടെ പേരിൽ ബാഴ്സ അധികൃതർ താരത്തെ ക്ലബിൽ പിടിച്ചു നിർത്തുകയായിരുന്നു. ഇത്തവണ കരാർ പൂർത്തിയാകുന്നതിനാൽ ഫ്രീ ഏജന്റ് എന്ന നിലയിൽ മെസിക്ക് ഇഷ്ടമുള്ള ക്ലബിലേക്ക് മാറാൻ സാധിക്കും.

എന്നാൽ ബാഴ്സ പ്രസിഡന്റ് യൊവാൻ ലപോർട്ടയുടെ വാക്കുകൾ അനുസരിച്ച് കരാർ പുതുക്കാനുള്ള ചർച്ചകളിൽ മെസി സൗഹാർദ്ദപരമായി തന്നെ പ്രതികരിക്കുന്നുണ്ട്. ആ വാക്കുകൾ സത്യമാണെങ്കിൽ ക്ലബുമായി മുമ്പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കാൻ മെസി തയ്യാറായി എന്നാണർത്ഥം. അർജന്റീനിയയുടെ തന്നെ ഹിഗ്വെയ്ൻ അഗ്യുറോ ആണ് മെസിക്കും ബാഴ്സയ്ക്കും ഇടയിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

എന്നാൽ മെസിക്കും ബാഴ്സയ്ക്കും താത്പര്യം ഉണ്ടെങ്കിൽ പോലും ഒരു പക്ഷേ കരാർ പുതുക്കാൻ സാധിച്ചേക്കില്ല. ലാ ലിഗ ഓരോ ക്ളബിനും ഏർപ്പെടുത്തിയിട്ടുള്ള സാലറി ക്യാപ് നിയമം ബാഴ്സ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഓരോ ക്ലബിനും കളിക്കാരുടെ ശമ്പളത്തിനായി ഒരു നിശ്ചിത തുക മാത്രമേ ചിലവാക്കുവാൻ സാധിക്കുകയുള്ളു. ഈ പരിധി ബാഴ്സ ലംഘിച്ചുവെന്നാണ് ലാ ലിഗ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ട്രാൻസ്ഫർ ബാൻ പോലുള്ള കടുത്ത ശിക്ഷകളാണ് ശമ്പള പരിധി മറികടന്നാൽ ക്ളബുകളെ കാത്തിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ കളിക്കാരുടെ ശമ്പളത്തിനായി ബാഴ്സ ചിലവിട്ടത് 671 മില്ല്യൺ യൂറോയാണ്. എന്നാൽ കൊറോണയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം ലാ ലിഗ ഈ പരിധി 382.7 മില്ല്യൺ യൂറോ ആയി വെട്ടിക്കുറച്ചിരുന്നു. ഇതാണ് ബാഴ്സയെ വെട്ടിലാക്കിയത്.

ഈ പ്രതിസന്ധി മറകടക്കാനുള്ള ഏക വഴി കളിക്കാരുടെ ശമ്പളം കുറയ്ക്കുക എന്നതാണ്. എന്നാൽ ശമ്പളം കുറച്ചുകൊണ്ടുള്ള കരാർ പുതുക്കലിന് മെസി തയ്യാറാകുമോ എന്നും അറിയില്ല. പിന്നെയുള്ള വഴി മറ്റേതെങ്കിലും താരത്തിന്റെ ശമ്പളം കുറയ്ക്കുക എന്നതാണ്. എന്നാൽ അതിന് ഏതെങ്കിലും കളിക്കാരൻ തയ്യാറാകുമോ എന്നും ഉറപ്പില്ല. അങ്ങനെ വരികയാണെങ്കിൽ കരാർ കാലാവധി അവസാനിക്കുന്നതോടെ മെസി ബാഴ്സലോണ വിടും.

മാഞ്ചസ്റ്റർ സിറ്റി പോലുള്ള ക്ളബുകൾ മെസിയെ സ്വന്തമാക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, LIONEL MESSI, BARCELONA FC, CATALANS, LALIGA, CONTRACT EXPIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360