
കോഴഞ്ചേരി : പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികയുടെ ഇടുപ്പിൽ ഇഞ്ചക്ഷൻ സൂചി ഒടിഞ്ഞു കയറിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പ്രാഥമികാന്വേഷണം നടത്തി. ശരീരത്തിൽ സൂചിയുടെ ഒടിഞ്ഞ ഭാഗവുമായി ആറൻമുള ഇടശേരിമല മണക്കാലായിൽ വത്സല (68) അനുഭവിക്കുന്നത് നരക യാതനയാണ്. ഒരു വർഷം മുമ്പാണ് സൂചി ഒടിഞ്ഞു കയറിയതെന്ന് കരുതിയതെങ്കിലും ഇതിലും പഴക്കമുണ്ടെന്ന് കണ്ടെത്തി. ഛർദ്ദിയും വയറിളക്കവുമായി വത്സല നേരത്തെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് ഇഞ്ചക്ഷനെടുത്തത്.
2023 സെപ്തംബർ എട്ടിന് ഒ പി വിഭാഗത്തിൽ വത്സല എത്തിയിരുന്നതായി രേഖകളിലുണ്ട്. 9 മുതൽ 11 വരെ കിടത്തിച്ചികിത്സയും നടത്തി. ചികിത്സാ രേഖകളുടെ പകർപ്പ് അന്വേഷണ സംഘം ശേഖരിച്ചു. ഡോക്ടർമാരടങ്ങിയ സംഘം വത്സലയോടും വിവരങ്ങൾ അന്വേഷിച്ചു. ഇടുപ്പിൽ നീർക്കെട്ടും പഴുപ്പും മൂലം വേദന അസഹ്യമായതോടെ 19ന് വത്സല ആശുപത്രിയിലെത്തി എക്സ് റേയെടുത്തപ്പോഴാണ് സൂചിയുടെ ഭാഗം ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ നേരത്തെ ചികിത്സയ്ക്കെത്തിയ ശേഷം മറ്റെവിടെയും ചികിത്സ നടത്തിയിട്ടില്ലെന്ന് വത്സല പറഞ്ഞു. 21ന് ശസ്ത്രക്രിയ നടത്തി സൂചിയുടെ ഒരുഭാഗം നീക്കം ചെയ്തു. അണുബാധ കൂടിയ അവസ്ഥയിലായതിനാൽ പ്രമേഹ രോഗിയായ വത്സലയുടെ ശരീരത്തിൽ ആഴമേറിയ മുറിവുണ്ടാക്കി ബാക്കിഭാഗം പുറത്തെടുക്കാൻ കഴിയില്ല. മരുന്നു നൽകി അണുബാധയും പ്രമേഹവും നിയന്ത്രിച്ച ശേഷം വീണ്ടും സർജറി നടത്തും.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |