SignIn
Kerala Kaumudi Online
Sunday, 24 May 2026 2.06 AM IST

വിദേശത്തേക്ക് മടങ്ങാനിരിക്കെ: ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ

su-la

കടയ്ക്കൽ: കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇ റാസ്‌അൽ ഖൈമയിലെ അൽ നാഖ്ല എന്ന കൺസ്ട്രക്ഷൻ കമ്പനി ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതൻ (67), ഭാര്യ ലത (56) എന്നിവരാണ് മരിച്ചത്. സുഗതൻ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും ലത കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. ഇന്ന് രാവിലെ 11ന് ഇരുവരും വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് മരണം.

ലതയെ കൊലപ്പെടുത്തി സുഗതൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ സംശയം. ലതയുടെ കഴുത്തിൽ തുണികൊണ്ട് മുറുക്കിയതിന്റെ പാടുകളും മുറിവുകളും സുഗതന്റെ വയറ്റിൽ നഖം കൊണ്ട മുറിവുമുണ്ട്. കഴുത്തിൽ മുറുക്കിയിട്ടുണ്ടെങ്കിലും മുഖത്ത് തലയണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ലത രാത്രി 11നും 12നും ഇടയിലും സുഗതൻ പുലർച്ചെ മൂന്ന് മണിയോടെയുമാണ് മരിച്ചതെന്നാണ് നിഗമനം.

വെള്ളിയാഴ്ച രാത്രി വീട്ടിൽ ചെന്ന ഭാര്യാ സഹോദരനോട് സുഗതൻ കാന്താരി അച്ചാർ കൊണ്ടുവരാൻ പറഞ്ഞിരുന്നു. അതുപ്രകാരം ഭാര്യാ സഹോദരൻ ഇന്നലെ രാവിലെ കാന്താരി അച്ചാറുമായി എത്തിയെങ്കിലും വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സുഗതന്റെ സഹോദരിയുടെ മകൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി വീടിന്റെയും കിടപ്പുമുറിയുടെയും വാതിലുകൾ പൊളിക്കുകയായിരുന്നു.

ലതയുടെ അമ്മ മണിയും സുഗതന്റെ സഹോദരി സുകുമാരിയും വീടിന്റെ രണ്ടാംനിലയിലായിരുന്നു.

ഒന്നരയാഴ്ച മുമ്പ് ഒറ്റയ്ക്ക് നാട്ടിലേക്ക് വന്ന സുഗതൻ മടങ്ങിപ്പോയ ശേഷം രണ്ട് ദിവസം മുമ്പ് ലതയ്ക്കൊപ്പം മടങ്ങിവന്നതാണ്. ആറ്റിങ്ങലിൽ ബാർ ഹോട്ടലുള്ള ഇവർക്ക് കാര്യമായ സാമ്പത്തിക പ്രശ്നങ്ങളില്ല. തിരുവനന്തപുരം മണക്കാട് വീടുണ്ട്. വിദേശത്ത് നിന്ന് വരുമ്പോൾ രണ്ട് വീടുകളിലുമായി മാറിമാറി താമസിച്ചിരുന്നു. ഇവർ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരുവർഷം മുമ്പ് സുഗതനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കാണാതായെന്ന് പരാതി ലഭിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് കടയ്ക്കൽ എസ്.എച്ച്.ഒ പറഞ്ഞു.

കടയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10ന് കടയ്ക്കലെ വീട്ടുവളപ്പിൽ സംസ്കരിക്കും. റാസ് അൽ ഖൈമയിലെ കൺസ്ട്രക്ഷൻ കമ്പനി നടത്തിപ്പിൽ സുഗതനെ സഹായിക്കുന്ന മകൻ വൈശാഖ് നാട്ടിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് വിദേശത്തേക്ക് പോയത്. മകൾ അശ്വതി യു.എ.ഇയിലാണ്. വിദ്യ മരുമകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA