SignIn
Kerala Kaumudi Online
Sunday, 24 May 2026 12.58 AM IST

തെരുവിൽ ഭാഗ്യം വിറ്റു; 12 കോടി കൂടെപ്പോന്നു

ddd

തഴവ: ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന കുടുംബത്തിനു 12 കോടിയുടെ മഹാഭാഗ്യം. വിഷു ബമ്പറാണ് ശൂരനാട് ആനയടി വയലിൽ ഉന്നതി വിനോദ് ഭവനിൽ പൊന്നനെയും കുടുംബത്തെയും കടാക്ഷിച്ചത്.

കിലോമീറ്ററുകൾ നടന്ന് ലോട്ടറി വിറ്റിരുന്നു 76കാരനായ പൊന്നൻ. നാലുവർഷം മുമ്പ് അപകടത്തിൽ കാലിനു പരിക്കേറ്റതോടെ കച്ചവടം നിറുത്തേണ്ടിവന്നു. കുടുംബം പട്ടിണിയിലാകുമെന്നായി. ഇതോടെ 67 വയസുള്ള ഭാര്യ രാധാമണിയും 37 കാരനായ മകൻ വിനോദും ലോട്ടറി വില്പനയ്ക്കിറങ്ങി.

കാലിനു സ്വാധീനക്കുറവുണ്ട് വിനോദിനു. എന്നിട്ടും 14 കിലോമീറ്റർ ദിവസവം നടന്നാണ് ലോട്ടറി വിൽക്കുന്നത്. ഒരുമാസം മുമ്പ് പനിപിടിച്ച് വീട്ടിൽ ദിവസങ്ങളോളം കിടന്നു. പനി കുറഞ്ഞപ്പോൾ കച്ചവടം തുടങ്ങാൻ ടിക്കറ്റ് വാങ്ങിവരാൻ പൊന്നനെ തഴവ മണപ്പള്ളിയിൽ അമ്മ ഏജൻസിയിലയച്ചു. അവിടെനിന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം ചൊരിഞ്ഞത്. തഴവക്കാരൻ അനിലിന്റേതാണ് ഏജൻസി.

ഭാഗ്യ നമ്പരിൽ

അടിച്ചുമോനേ...

ഭാഗ്യനമ്പരായ 2ൽ അവസാനിക്കുന്ന ലോട്ടറി പൊന്നൻ സ്ഥിരമായി വാങ്ങാറുണ്ട്. ഏജൻസിയിൽ നിന്ന് മകനു വിൽക്കാനുള്ള ടിക്കെറ്റെടുത്ത കൂട്ടത്തിൽ വി.ബി 135452 എന്ന ടിക്കറ്റ് സ്വന്തമായി വാങ്ങി. ഇന്നലെ ടി.വിയിൽ നറുക്കെടുപ്പ് ഫലം വന്നപ്പോൾ മേശയിൽ നിന്ന് ടിക്കറ്റെടുത്ത് ഒത്തുനോക്കി. തന്റെ ടിക്കറ്റിനു ഒന്നാം സമ്മാനം. നേരത്തേ രണ്ടിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക് 2,000,​ 5,000 രൂപ വരെ കിട്ടിയിട്ടുണ്ട്. അവസാന ഒരക്കം മാറി ദിവസ ലോട്ടറിയുടെ ഒന്നാംസമ്മാനം രാധാമണിക്കും വിനോദിനും നഷ്ടമായിട്ടുമുണ്ട്.

മകന്റെ വിവാഹം നടത്തണം. അവനു ലോട്ടറി വിൽക്കാൻ ഒരു മുച്ചക്ര വാഹനത്തിനു പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അത് വാങ്ങണം. കുറച്ചു കടമുള്ളതും തീർക്കണം.

- പൊന്നൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA