തിരുവനന്തപുരം: പണലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത് നിക്ഷേപകർക്ക് നേട്ടമാകും. കൂടുതൽ പേർ നിക്ഷേപത്തിനായി തിരഞ്ഞടുക്കുന്ന രണ്ട് കാലയളവുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചത്.ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
നിലവിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് ട്രഷറി നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധന നടപ്പാക്കിയിരിക്കുന്നത്.
181 മുതൽ 365 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.90 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി. 366 ദിവസം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.40 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി.
46 മുതൽ 90 ദിവസം വരെ കാലയളവുള്ള വായ്പകൾക്ക് 5.40 ശതമാനവും 91 മുതൽ 180 ദിവസം വരെയുള്ള വായ്പകൾക്ക് 5.90 ശതമാനവും രണ്ട് വർഷത്തിലേറെ കാലയളവുള്ള വായ്പകൾക്ക് 7.50 ശതമാനവുമാണ് നിലവിൽ പലിശ നിരക്ക്. ഇവയിൽ മാറ്റം വരുത്തിയില്ല. കഴിഞ്ഞ വർഷമാണ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ഇതിനിടയിൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശനിരക്ക് പലതവണ വർദ്ധിപ്പിച്ചുവെങ്കിലും ട്രഷറിയിൽ കാര്യമായ മാറ്റമുണ്ടായില്ല.
നിക്ഷേപം വരുമെന്ന പ്രതീക്ഷ
നിലവിലെ പ്രശ്നങ്ങൾ മൂലം സഹകരണ ബാങ്കുകളിൽ നിന്ന് പിൻവലിക്കുന്ന തുക പലരും ട്രഷറി നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാൻ പലിശ കൂട്ടിയത് പ്രയോജനപ്പെടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിന് ട്രഷറിയിലെ സ്ഥിരനിക്ഷേപം പണലഭ്യതയ്ക്ക് സഹായകരമാകും.
പലിശ നിരക്ക് വർദ്ധന
ബ്രാക്കറ്റിൽ പഴയനിരക്ക്
181 മുതൽ 365 ദിവസം വരെ ..... 6 ശതമാനം(5.90)
366 ദിവസം മുതൽ രണ്ട് വർഷം വരെ........ 7 ശതമാനം(6.40)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |