SignIn
Kerala Kaumudi Online
Monday, 15 June 2026 2.07 AM IST

നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രിയം കൂടുന്നു; പുതിയ വാഹനം വാങ്ങുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന

vehicle

കൊച്ചി: വൈദ്യുതവാഹന വില്‍പ്പനയില്‍ രാജ്യം മേയ് മാസത്തില്‍ റെക്കാഡ് വളര്‍ച്ച. മൊത്തം വാഹന വില്‍പ്പനയുടെ 11 ശതമാനം ഇ. വി കൈവരിച്ചു. മേയില്‍ 2,71,682 വൈദ്യുത വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം മേയ് മാസത്തേക്കാള്‍ 45 ശതമാനം വര്‍ദ്ധനയുണ്ടായി.

പെട്രോള്‍, ഡീസല്‍ വിലയിലെ വന്‍വര്‍ദ്ധന, പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി എന്നിവ ചെലവ് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വൈദ്യുത വാഹനങ്ങളിലേക്ക് ഉപഭോക്താക്കള്‍ മാറിയത്. ഏറ്റവും ചെലവ് കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിച്ച് ദൈനംദിന ചെലവുകള്‍ കുറയ്ക്കാനുള്ള വര്‍ദ്ധിക്കുന്ന പ്രവണതയുടെ തെളിവാണിതെന്ന് ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (ഫാഡ) വിലയിരുത്തുന്നു.

വില്‍പ്പനക്കുതിപ്പില്‍ ഇരുചക്ര വാഹനങ്ങളാണ് മുന്നില്‍. 1,70,733 വാഹനങ്ങള്‍ മേയില്‍ വില്‍പ്പന നടത്തി. 63 ശതമാനം വളര്‍ച്ചയാണിത്. മൊത്തം ഇരുചക്രങ്ങളില്‍ 6.1 ശതമാനത്തില്‍ നിന്ന് 9.3ശതമാനത്തിലേക്ക് ഉയര്‍ന്നു. ത്രിചക്രവാഹനങ്ങളില്‍ 64.4 ശതമാനമാണ് വളര്‍ച്ച. യാത്രാവാഹനങ്ങളില്‍ 81 ശതമാനമാണ് വര്‍ദ്ധന. ഇക്കാലയളവില്‍ 26,682 യാത്രാവാഹനങ്ങള്‍ വില്‍പ്പന നടത്തി. മൊത്തം യാത്രാവാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച 4.5ല്‍ നിന്ന് 6.6 ശതമാനമായി ഉയര്‍ന്നു. വൈദ്യുത ചരക്ക് വാഹനങ്ങളില്‍ ഇരട്ടി വളര്‍ച്ചയാണ് നേടിയത്.

അനുകൂല ഘടകങ്ങള്‍

1. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉത്പാദന വളര്‍ച്ച

2. കൂടുതല്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്

3. ഉദാരമായ വായ്പാസൗകര്യവും ആനുകൂല്യങ്ങളും

4. അതിവേഗം വളരുന്ന ദേശീയ ചാര്‍ജിംഗ് ശൃംഖല

ഗ്രാമങ്ങളിലും പ്രിയമേറുന്നു

നഗരമേഖലകളാണ് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ മുമ്പിലെങ്കിലും ചെറുകിട പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുണ്ട്. വൈദ്യുത ട്രാക്ടറുകളുടെ വില്‍പ്പനയില്‍ 17.15 ശതമാനം വര്‍ദ്ധനവുണ്ടായത് ഗ്രാമീണമേഖലയിലെ മാറ്റത്തിന്റെ സൂചനയാണ്.

അടുത്ത മാസം ഗംഭീരമാകും

ആഗസ്റ്റ് മാസത്തില്‍ മികച്ച വളര്‍ച്ചയാണ് ഡീലര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയിലാണ് കുതിപ്പ് പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹന വിപണിയില്‍ സാരമായ പങ്ക് വഹിക്കുന്ന കേരളത്തില്‍ മഴക്കാലം തുടങ്ങിയത് വില്‍പ്പയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു.

2025 മേയ്, 2026 മേയ്, വാര്‍ഷിക വളര്‍ച്ച %

വാണിജ്യ വാഹനങ്ങള്‍

2,400, 10,94, 119.4

യാത്രാ വാഹനങ്ങള്‍

26,682, 14,725, 81.20

ഇരുചക്ര വാഹനങ്ങള്‍

1,70,733, 1,04,986, 62.76

ത്രിചക്ര വാഹനങ്ങള്‍

71,867, 66,185, 8.59

ഗതാഗത പരിവര്‍ത്തനത്തിലെ നാഴികക്കല്ലാണിത്. വൈദ്യുത വാഹനങ്ങളെ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് ലഭിച്ച ഗുണപരമായ ചുവടുവയ്പ്പാണിത്. - സി.എസ് വിഗ്നേശ്വര്‍, പ്രസിഡന്റ് - ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, VEHICLE, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360