
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. പുതിയ യുഎസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടൺ സന്ദർശനം ഉണ്ടായേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്.
ശനിയാഴ്ച രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിലാണ് അദ്ദേഹം ആദ്യം എത്തിയത്. അവിടെ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും അദ്ദേഹം സന്ദർശിച്ചു.
കഴിഞ്ഞ 14 വർഷത്തിനിടെ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്തയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഉച്ചയോടെ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഭാര്യ ജെന്നറ്റ് റൂബിയോ, യുഎസ് അംബാസഡർ സെർജിയോ ഗോർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വച്ച് വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തും.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്‌കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കുമെന്നാണ് സൂചന. മേയ് 26 ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലും റൂബിയോ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |