SignIn
Kerala Kaumudi Online
Monday, 25 May 2026 11.58 PM IST

ബംഗ്ളാദേശ് പുതിയ താവളം ,​ ഇന്ത്യയിൽ ആക്രമണ പരമ്പരയ്ക്ക് ലഷ്കർ

-pak-news

ന്യൂഡൽഹി: പാക് ഭീകര സംഘടന ലഷ്‌കർ ബംഗ്ളാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ പലയിടത്തും ഭീകരാക്രമണങ്ങളും വിധ്വംസക പ്രവൃത്തികളും നടത്താൻ പദ്ധതിയിട്ടു. പലയിടത്തും സ്ളീപ്പിംഗ് സെല്ലുകൾ സജീവമാക്കി. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ തിരുപ്പൂരിലും പശ്‌ചിമബംഗാളിലും അറസ്റ്റിലായ എട്ട് ബംഗ്ളാദേശികളാണ് വിവരം വെളിപ്പെടുത്തിയത്. പ്രതികളുടെ ഫോണുകളിൽ നിന്ന് ഭീകരാക്രമണ പദ്ധതിയുടെ തെളിവുകൾ ലഭിച്ചു. ഷേഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായശേഷമുള്ള സാഹചര്യം ഭീകരർ മുതലെടുക്കുകയായിരുന്നു.

കാശ്മീരി സ്വദേശിയായ ഭീകരൻ ഷബീർ അഹമ്മദ് ലോണാണ് ബംഗ്ളാദേശ് താവളമാക്കി യുവാക്കളെ റിക്രൂട്ട് ചെയ്ത് സ്ളീപ്പിംഗ് സെല്ലുകൾ സജീവമാക്കിയതെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ എ.സി.പി പ്രമോദ് സിംഗ് കുഷ്‌വ പറഞ്ഞു. 2007ൽ വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്ത കേസിലെ പ്രതിയാണ് ഷബീർ അഹമ്മദ് ലോൺ. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ ഏകോപനമുണ്ടെന്നും സൂചന.

ചെങ്കോട്ടയിലും ഡൽഹി ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രത്തിലും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡൽഹിയിൽ പ്രധാന കേന്ദ്രങ്ങൾക്കും നേതാക്കൾക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ആ എട്ടുപേർ
പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നുള്ള ഉമർ ഫാറൂഖ് (31), ബംഗ്ലാദേശിലെ താക്കൂർഗാവ് സ്വദേശി റോബിയുൾ ഇസ്ലാം (31), തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലിൽ ജോലി ചെയ്‌ത മുഹമ്മദ് മിസാനൂർ റഹ്മാൻ (32), സെഫായത്ത് ഹുസൈൻ (34), മുഹമ്മദ് സാഹിദുൽ ഇസ്ലാം (40), ഉമർ മുഹമ്മദ് ലിതാൻ (40), മുഹമ്മദ് ഉസ്സാൽ (27), ഉമർ (32) എന്നിവരെയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തത്. ബംഗ്ലാദേശികളായ ഇവർ വ്യാജ ആധാർ കാർഡുമായാണ് ഇന്ത്യയിൽ കഴിഞ്ഞത്.


തുമ്പായത് ഡൽഹി പോസ്റ്റർ

1. ജൻപഥ് മെട്രോ സ്റ്റേഷനിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അതിൽ കൊല്ലപ്പെട്ട ജെയ്‌ഷെ- ഇ- മുഹമ്മദ് ഭീകരൻ ബുർഹാൻ വാനിയെ മഹത്വവത്‌കരിച്ചിരുന്നു. സമാനമായ പോസ്റ്ററുകൾ കാെൽക്കത്തയിലും കണ്ടെത്തിയതോടെ കേസ് സ്പെഷ്യൽ സെൽ ഏറ്റെടുത്തു.

2. 2025 മാർച്ചിലാണ് ഷബീർ അഹമ്മദ് ലോൺ തന്നെ റിക്രൂട്ട് ചെയ്‌തതെന്നും പ്രധാന ഇന്ത്യൻ സ്ഥാപനങ്ങൾ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടെന്നും ഉമർ ഫാറൂഖ് പൊലീസിനോട് പറഞ്ഞു. പോസ്റ്ററുകൾ പതിച്ചതിന്റെ വീഡിയോ ലോണിന് അയച്ചു കൊടുത്തു. ആക്രമണത്തിനായി ആയുധങ്ങൾ വാങ്ങാനുള്ള നിർദ്ദേശവും ലഭിച്ചിരുന്നു. അതിനായി ഫണ്ട് ലഭിച്ചോ എന്ന് അന്വേഷിച്ചു വരികയാണ്.

3. ലോണിനെയും വിദേശത്തുള്ള ശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സ്പെഷ്യൽ സെൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360