
ബ്രസീലിന്റെ ആദ്യ മത്സരം ഇന്ത്യൻസമയം ഞായറാഴ്ച വെളുപ്പിന് 3.30ന് മൊറോക്കോയുമായി
ന്യൂയോർക്ക് : ഇന്ന് രാത്രി ഖത്തറിന്റെ കളി കഴിഞ്ഞാൽ കിടന്ന് ഉറങ്ങിയേക്കരുത്. വെളുപ്പിന് മൂന്നരയോടെ ബ്രസീലിന്റെ മഞ്ഞപ്പട കളത്തിലിറങ്ങുന്നുണ്ട്. എതിരാളികൾ ചില്ലറക്കാരല്ല. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽവരെയെത്തിയ മൊറോക്കോക്കാരാണ്. ഗ്രൂപ്പ് സിയിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിനാണ് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
അഞ്ചുതവണ ലോക കിരീടം നേടിയവരെങ്കിലും കഴിഞ്ഞ അഞ്ചുതവണയായി ക്ളച്ചുപിടിക്കാതെ പോയ ബ്രസീൽ ഇക്കുറി ക്ലബ് ഫുട്ബാളിലെ ഏറ്റവും മികച്ച പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ കൂട്ടുപിടിച്ചാണ് പ്രതാപം വീണ്ടെടുക്കാനെത്തുന്നത്. പക്ഷേ യോഗ്യതാ റൗണ്ടിൽ വളരെ പ്രയാസപ്പെട്ടാണ് ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. അർജന്റീന, ഉറുഗ്വേ, കൊളംബിയ എന്നിവർക്കെതിരായ തോൽവികൾ ടീമിന്റെ ദൗർബല്യങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. വിനീഷ്യസിന്റെ സ്‌ഫോടനാത്മക ആക്രമണവീര്യം, കാസെമിറോയുടെ നേതൃപാടവം, നെയ്മറിന്റെ അനുഭവസമ്പത്ത് എന്നിങ്ങനെയുള്ള അനുകൂലഘടങ്ങൾ പ്രയോജനപ്പെടുത്താനാണ് ബ്രസീലിന്റെ വരവ്.
മറുവശത്ത് മൊറോക്കോ യൂറോപ്പിലെ മുൻനിര ലീഗുകളിലെ വമ്പൻതാരങ്ങളെ അണിനിരത്തി വെല്ലുവിളിയൊരുക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ കാലിടറി വീണപ്പോഴാണ് മൊറോക്കോ ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയോട് മുഖംകുനിച്ച് നാലാമന്മാരായി മാറിയത്. പാരീസ് എസ്.ജിയുടെ താരമായ അഷ്റഫ് ഹക്കീമിയാണ് മൊറോക്കോയെ നയിക്കുന്നത്. കഴിഞ്ഞലോകകപ്പിൽ മൊറോക്കോകുതിപ്പിന് ചുക്കാൻ പിടിച്ചത് ഹക്കീമിയാണ്.റയൽ മാഡ്രിഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രാഹിം ഡയസും ഒപ്പമുണ്ട്. സൗദി ക്ളബ് അൽഹിലാലിന്റെ വലകാക്കുന്ന ഗോളിയാസിം ബൗനു,അസദീൻ ഔനാഹി, സോഫിയാനേ ദിയോപ് തുടങ്ങിയ മിടുക്കന്മാർ വേറേയുമുണ്ട്.
നെയ്മറുണ്ടോ ?
ഫിറ്റ്നെസില്ലാത്തതുകാരണം ഒരുവർഷത്തോളം ടീമിന് പുറത്തായിരുന്ന നെയ്മറെ ലോകകപ്പിനുള്ള സംഘത്തിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വീണ്ടും പരിക്കേറ്റിരുന്നു. സന്നാഹമത്സരങ്ങളിൽ കളിക്കാതിരുന്ന നെയ്മർ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിലും കളിച്ചേക്കില്ല.
3-2-1
ബ്രസീലും മൊറോക്കോയും തമ്മിൽ ഇതുവരെ മൂന്ന് കളികളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ജയം ബ്രസീലിന്.ഒരു ജയം മൊറോക്കോയ്ക്ക് .1997ൽ സൗഹൃദമത്സരത്തിലും 98ൽ ലോകകപ്പിലുമായിരുന്നു ബ്രസീലിന്റെ ജയം. 2023ലെ സൗഹൃദ മത്സരത്തിൽ മൊറോക്കോ 2-1ന് ജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |