SignIn
Kerala Kaumudi Online
Saturday, 13 June 2026 3.22 AM IST

തഹ്സിനെ വിളിയെടോ...

tahsin

ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയാകാൻ തഹ്സിൻ ഇറങ്ങുന്നതിന് കാതോർത്ത് കേരളക്കര

ഖത്തർVs സ്വിറ്റ്സർലാൻഡ് പോരാട്ടം ഇന്ന് രാത്രി 12.30ന്

'' മിസ്റ്റർ ജുലെൻ ലൊപ്തേഗുയി, താങ്കൾ സ്പെയ്നിന്റേയും റയൽ മാഡ്രിഡിന്റേയുമൊക്കെ പഴയ കോച്ചായിരിക്കും, പക്ഷേ ഇന്ന് രാത്രി ഖത്തർ ടീം സ്വിറ്റ്സർലാൻഡിനെതിരെ കളത്തിലിറങ്ങുമ്പോൾ ഞങ്ങടെ പയ്യൻ തഹ്സിൻ ടീമിലുണ്ടായിരിക്കണം. ചെക്കൻ ജനിച്ചതും വളർന്നതുമൊക്കെ ഖത്തറിലാണെങ്കിലും അവനൊരു ആ'ഗോള"മലയാളിയാണെഡോ... ലോകകപ്പിൽ ആദ്യമായി ഒരു മലയാളി പന്തുതട്ടുന്നത് കാണാൻ കേരളക്കരയൊന്നാകെ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണെന്നത് മറക്കേണ്ട കേട്ടോ...""

ഖത്തറിന്റെ ലോകകപ്പ് കോച്ച് ലൊപ്തേഗുയിയെ നേരിട്ടുകണ്ടാൽ ഏതൊരു മലയാളിയും പറയാൻ കൊതിക്കുന്ന ഡയലോഗ് ഇതായിരിക്കും. ഇന്ന് രാത്രി 12.30ന് സാൻഫ്രാൻസിസ്കോയിലാണ് ഖത്തറും സ്വിറ്റ്സർലാൻഡും തമ്മിലുള്ള മത്സരം.ഖത്തറിന്റെ ജൂനിയർ, യൂത്ത് ടീമുകളിൽ മികവുകാട്ടി 17-ാം വയസിൽ അൽ ദുഹൈൽ ക്ളബിലെത്തിയ തഹ്സിൻ മുഹമ്മദ് ജംഷീദ് ലോകകപ്പിനുള്ള ഖത്തറിന്റെ 26 അംഗ ടീമിൽ ഇടംപിടിച്ചപ്പോഴേ മലയാളികൾ ആവേശത്തിലാണ്. ഇനി പ്ളേയിംഗ് ഇലവനിൽ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.രണ്ട് തവണ മികച്ച ഏഷ്യൻ താരത്തിനുള്ള പുരസ്കാരം നേടിയ അക്രം അഫിഫ്, ഖത്തറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള അൽമൊയീസ് അലി എന്നിവർക്കൊപ്പം ആദ്യ ഇലവനിൽ തഹ്സിനെയും ഉൾപ്പെടുത്താനാണ് സാദ്ധ്യത.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബാൾ താരമായിരുന്ന കണ്ണൂരുകാരൻ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് 19കാരനായ തഹ്സിൻ.1996ൽ ഖത്തറിലേക്ക് കുടിയേറിയ ജംഷീദ് നിലവിൽ ചീഫ് അക്കൗണ്ടന്റാണ്. ഖത്തറിലാണ് തഹ്‌സിൻ ജനിച്ചതും വളർന്നതും. പിതാവിനൊപ്പം പന്തുതട്ടിത്തുടങ്ങിയ തഹ്‌സിൻ ആസ്പെയർ അക്കാഡമിയിലൂടെയാണ് സ്ട്രൈക്കറായി പയറ്റിത്തെളിഞ്ഞത്. ഖത്തറിന്റെ ജൂനിയർ, യൂത്ത് ടീമുകളിൽ മികവുകാട്ടി 17-ാം വയസിൽ അൽ ദുഹൈൽ ക്ളബിലെത്തി. ഖത്തർ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും സ്വന്തമാക്കി. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് തഹ്സിൻ ഖത്തറിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TAHSIN, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360