
ന്യൂഡൽഹി: ജെൻസികൾക്കിടയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) വെബ്സൈറ്ര് ഇന്റർനെറ്രിൽ ലഭ്യമല്ല. വെബ്സൈറ്റ് കേന്ദ്രസർക്കാർ പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. 10 ലക്ഷം പേർ പാറ്റകളായി രജിസ്റ്റർ ചെയ്‌തിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന നിവേദനത്തിൽ ആറ് ലക്ഷത്തിലേറെ പേർ ഒപ്പിട്ടെന്നും പാർട്ടി അവകാശപ്പെട്ടു. സി.ജെ.പിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന എക്‌സ് അക്കൗണ്ടുമായി ബി.ജെ.പി ഐ.ടി സെൽ ഇറങ്ങിയിട്ടുണ്ടെന്നും രണ്ട് കോടിയിലധികം ഫോളോവേഴ്സുള്ള തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പറയുന്നു.
തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്രയിലെ തന്റെ കുടുംബത്തിന് മേലും ഭീഷണിയുണ്ട്. പ്രസ്ഥാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ബംഗളൂരു ടൗൺ ഹാളിന് സമീപം ഇന്ന് പാറ്റകളുടെ മനുഷ്യച്ചങ്ങലയ്ക്ക് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
കോക്രോച്ചിനോട് അസഹിഷ്ണുതയെന്ന് പിണറായി
തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്ര നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നുവരുമോ എന്ന ആശങ്കയാണ് പിന്നിൽ. തൊഴിൽ രഹിതരായ യുവജനങ്ങൾ പ്രതിഷേധത്തിൽ ആകൃഷ്ടരായത് സാമൂഹിക രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും പിണറായി പറഞ്ഞു.
പിന്നിൽ പ്രതിപക്ഷ സഹായമെന്ന് ബി.ജെ.പി
തിരുവനന്തപുരം: നിക്ഷിപ്ത താല്പര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച് പാർട്ടി നീക്കമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എ. പറഞ്ഞു. വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന് പ്രതിപക്ഷത്തെ ചിലരുടെ സഹായവുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയയും എ.ഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്നും അദ്ദേഹംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |