സ്വത്തിന് വേണ്ടി സഹോദരൻ കൊലപ്പെടുത്തിയെന്ന് മരുമകൾ
ചെങ്ങന്നൂർ:അൽഷിമേഴ്‌സ് ബാധിച്ച വൃദ്ധനെ സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തിയതാണെന്ന പരാതിയെ തുടർന്ന് മൃതദേഹം കല്ലറയിൽ നിന്നെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. പുലിയൂർ പേരിശേരി പടിഞ്ഞാറേ പറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലാണ് ദുരൂഹത. യേശുദാസിന്റെ സഹോദരനും സഹായിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന മരുമകൾ ലീനാ ബിൻസിന്റെ പരാതിയെ തുടർന്നാണ് നടപടി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു.
കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസിന്റെ മരണം. യേശുദാസും സഹായിയായ സ്ത്രീയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൻ നേരത്തെ മരിച്ചുപോയിരുന്നു. മകൾ യു.കെയിലാണ്.
വീട്ടിൽവച്ച് സഹായി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ഛർദിച്ച് അവശനായി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അന്ന് പോസ്റ്റുമോർട്ടം നടത്താതെ പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ആർ.ഡി.ഒ എം.എസ്. ഷാജുവാണ് ഉത്തരവിട്ടത്.
പള്ളി സെമിത്തേരിയിൽ ഇന്നലെ രാവിലെ 11 ന് ആരംഭിച്ച പോസ്റ്റുമോർട്ടം ഉച്ചയ്ക്ക് രണ്ടോടെ പൂർത്തിയായി.
ചെങ്ങന്നൂർ തഹസിൽദാർ സാജൻ സി. വർഗീസിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോലീസ് സർജൻ ഡോ. നിമി, ഡോക്ടർമാരായ നിതിൻ, ഡേവേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
മന്ത്രി സജി ചെറിയാൻ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, വൈസ് പ്രസിഡന്റ് മിഥുൻ മയൂരം, വാർഡ് മെമ്പർ മോഹനൻ പിള്ള, പള്ളി വികാരി ഫാ. രഞ്ചൻ ടി. ജോൺ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
ഡയറിക്കുറിപ്പുകൾ നിർണായകം
യേശുദാസിന്റെ മരണശേഷം സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയ വിവരം പുറത്തുവന്നതോടെയാണ് മരണത്തിൽ സംശയം ഉയർന്നത്. യേശുദാസന് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് നൽകണമെന്ന് ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് മരുമകൾ പറയുന്നു. പക്ഷേ മറവിരോഗം മുതലാക്കി രേഖകളിൽ ഒപ്പിട്ടുവാങ്ങി സഹോദരൻ സ്വത്ത് കൈക്കലാക്കി. മരണത്തിന് മുമ്പ് നൽകിയ കേക്കിൽ വിഷാംശം ഉണ്ടായിരുന്നെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |