SignIn
Kerala Kaumudi Online
Monday, 25 May 2026 7.52 AM IST

ആറന്മുള പൊലീസിന്റെ നിസംഗത, റെഡ് സിഗ്നലിൽ ട്രാഫിക്ക് പാർക്ക്

traffic-parak
2018ലെ പ്രളയത്തിനുശേഷം നവീകരിച്ച ആറന്മുളയിലെ ട്രാഫിക് പാർക്ക് (ഫയൽ ചിത്രം)

ആറൻമുള : ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനത്തിന് പഠിക്കാൻ ആറന്മുളയിൽ നിർമ്മിച്ച ട്രാഫിക് പാർക്ക് കാടുകയറി പന്നികളുടെയും പാമ്പുകളുടെയും താവളമായി. ട്രാഫിക് സിഗ്നലുകൾ, വിവിധ എംബ്ലങ്ങൾ, ദിശാ സൂചികാ ബോർഡുകൾ, ആശുപത്രി, സ്‌കൂൾ, ക്രോസിംഗ് തുടങ്ങിയ അടയാളങ്ങൾ, ബോധവത്കരണ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ച് മനോഹരമായി നിർമ്മിച്ച പാർക്കാണ് സംരക്ഷണമില്ലാതെ നശിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റോഡ് സുരക്ഷാ അതോറിറ്റി 2018 ഫെബ്രുവരിയിൽ 30ലക്ഷം രൂപ ചെലവഴിച്ച് ട്രാഫിക് പാർക്ക് നിർമ്മിക്കുകയായിരുന്നു. ആറന്മുള പൊലീസിനായിരുന്നു പാർക്കിന്റെ ചുമതല. വാഹനം ഓടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ഗൈഡിനെയും നിയമിച്ചിരുന്നു. തുടക്കത്തിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിയാൻ കുട്ടികളും ഡ്രൈവിംഗ് പഠിക്കുന്നവരും എത്തിയിരുന്നു.

പ്രളയവും കടന്ന പ്രതീക്ഷ

നിർമ്മാണശേഷം പ്രളയത്തെ തുടർന്ന് പമ്പാനദീതീരത്തുളള ട്രാഫിക് പാർക്ക് മുങ്ങി. പാർക്കിൽ ചെളി നിറയുകയും വൈദ്യുതി തകരാറിലാവുകയും ചെയ്തു. പ്രളയശേഷം പൊലീസ് ഉദ്യോഗസ്ഥരും ആറന്മുള എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരും ചേർന്ന് ട്രാഫിക് പാർക്ക് ചെളിനീക്കം ചെയ്ത് വീണ്ടെടുത്തു. എന്നാൽ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കാനോ പാർക്ക് ശരിയായ രീതിയിൽ നടത്താനോ അധികൃതർ തയ്യാറായില്ല. അധികൃതർ കാട്ടിയ നിസംഗതയും അവഗണനയുമാണ് പാർക്ക് പൂർണമായും കാടുമൂടാൻ കാരണം.

പാർക്ക് പുനർ നിർമ്മിക്കണം

ആറന്മുള ക്ഷേത്രത്തിൽ എത്തുന്ന ഭക്തരും വിദ്യാർത്ഥികളും അടക്കും നൂറുകണക്കിന് ആളുകൾ ഭീതിയോടെയാണ് കാ‌ടുകയറിയ പാർക്കിന് മുന്നിലൂടെ കടന്നുപോകുന്നത്. പാർക്ക് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ജില്ലാപൊലീസ് മേധാവിക്കും പരാതിനൽകിയിട്ടുണ്ട്.

ഉഷാ ആർ.നായർ

വാർഡ് അംഗം

ഇടയാറന്മുള ഗ്രാമപഞ്ചായത്ത്


1. ട്രാഫിക്ക് പാർക്ക് 35 സെന്റ് സ്ഥലത്ത്.

2. നിർമാണച്ചെലവ് : 30 ലക്ഷം

3. കാടുകയറിയത് സംസ്ഥാനത്തെ രണ്ടാമത്തെ ട്രാഫിക് പാർക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL