ആഡംബരക്കപ്പലിലെ ലഹരിപാർട്ടിക്കിടയിൽ നിന്ന് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) കസ്റ്റഡിയിലെടുത്തത് മുംബൈ ചലച്ചിത്രലോകത്തെ ഞെട്ടിച്ചു.ഇരുപത്തിനാലുകാരനായ ആര്യനെ 22 മണിക്കൂറോളം ചോദ്യം ചെയ്തശേഷം എൻ.സി.ബി അറസ്റ്റ് രേഖപ്പെടുത്തിയതായിട്ടാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. മകന്റെ വിവരമറിഞ്ഞ് നടൻ ഷാരൂഖ് ഖാൻ എൻ.സി.ബി അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കോർഡില ക്രൂസ് എന്ന ആഡംബരക്കപ്പലിൽ നിന്ന് നിരോധിത ലഹരി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പതിനൊന്നുപേരിൽ യുവതികളും ഉൾപ്പെടുന്നു. ഇവരിൽ ആര്യൻഖാൻ അടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.
നടി ശിൽപ്പാഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമ്മാണ വിവാദത്തിൽ നിന്ന് ഇനിയും തലപൊക്കാനായിട്ടില്ലാത്ത ബോളീവുഡിനെ സംബന്ധിച്ചിടത്തോളം ഈ പുതിയ വിവാദം വലിയ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടും ലഹരി ഉപയോഗത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.
ബോളീവുഡിലെ ഇണപിരിയാത്ത ദമ്പതികളായി വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖ്-ഗൗരിഖാൻ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തമകനാണ് ആര്യൻ.സുഹാന എന്ന സഹോദരിയും അബ്രാം എന്ന അനുജനുമുണ്ട്.ഇസ്ലാം മതവിശ്വാസിയായ അച്ഛന്റെയും ഹിന്ദു മതവിശ്വാസിയായ അമ്മയുടെയും മകനായ ആര്യൻ രണ്ട് മതത്തിലും വിശ്വാസമർപ്പിച്ചയാളാണ്.
ലോഞ്ചിംഗ് കാത്തിരിക്കെ
ബോളീവുഡിൽ ആര്യൻ അവതരിപ്പിക്കപ്പെടാനിരിക്കെയാണ് അറസ്റ്റ് വിവാദം. അരങ്ങേറ്റം ഏത് രംഗത്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.നടനാകുന്നതിനേക്കാൾ ഫിലിം മേക്കിംഗിലാണ് ആര്യന് താത്പ്പര്യമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.സിനിമയിൽ സജീവമായില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുള്ള വ്യക്തിയാണ് ആര്യൻ.ലണ്ടനിലും സൗത്ത് കാലിഫോർണിയ സർവകലാശാലയിലുമായിട്ടായിരുന്നു ആര്യന്റെ പഠനം.മാർഷ്യൽ ആർട്സിലും ബോഡി ഫിറ്റ്നെസ്സിലും അതീവതത്പ്പരനായ ആര്യൻ ടേക്ക് വുണ്ടോയിൽ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.2010 ൽ മഹാരാഷ്ട്ര ടേക്ക് വുണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയിരുന്നു. കരൺജോഹറിന്റെ കഭി ഖുഷി കഭി ഗം എന്ന സിനിമയിൽ ഷാരൂഖിന്റെ കുട്ടിക്കാലം ആര്യൻ അവതരിപ്പിച്ചിരുന്നു.കഭി അൽവിദനാ കെഹ്ന എന്ന ചിത്രത്തിൽ ഒരു ഫുട്ബോൾ താരത്തിന്റെ വേഷം അവതരിപ്പിച്ചിരുന്നെങ്കിലും വേണ്ടത്ര നന്നായില്ലെന്ന കാരണത്താൽ എഡിറ്റിംഗ് വേളയിൽ ഒഴിവാക്കുകയായിരുന്നു. ലയൺകിംഗിന്റെ ഹിന്ദി വെർഷനിലടക്കം ചിലചിത്രങ്ങൾക്ക് ആര്യൻ ഡബ്ബ് ചെയ്തിട്ടുണ്ട്. നല്ല ശബ്ദമാണ് ആര്യന്റേത്.സൗത്ത് കാലിഫോർണിയ സർവകലാശാലയിൽ ഫിലിം ഡയറക്ഷനിലും കാമറയിലും പഠനം നടത്തുന്ന ആര്യൻ സംവിധാനരംഗത്തേക്ക് പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ.
വൻ സൗഹൃദങ്ങൾ
അമിതാഭ് ബച്ചന്റെ പേരക്കുട്ടിയടക്കം വിപുലമായ സൗഹൃദവൃന്ദമുള്ളയാളാണ് ആര്യൻ. കൂട്ടുകെട്ടുകളാണ് ആര്യനെ ലഹരിപാർട്ടികളിലേക്ക് നയിച്ചതെന്നാണ് ഷാരൂഖിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. മക്കളുടെ കാര്യങ്ങൾ താനും ഷാരൂഖും സംയുക്തമായിട്ടാണ് നോക്കുന്നതെന്ന് ഇന്റീരിയർ ഡിസൈനറായ ഗൗരിഖാൻ അടുത്തിടെ പറഞ്ഞിരുന്നു.മക്കളെ വളർത്താൻ ഷാരൂഖ് തന്നെ നന്നായി സഹായിക്കുമെന്നും അവർ പറഞ്ഞിരുന്നു. വഴിവിട്ട പാർട്ടികൾ ലഹരിയുടെ സ്വാധീനം ബോളിവുഡിനെ വലിയതോതിൽ സ്വാധീനിക്കുന്നുവെന്നതിന് മുൻകാല ചരിത്രങ്ങളും ഉണ്ട്. സഞ്ജയ്ദത്തിനെപ്പോലെയുള്ള നടൻമാർ ലഹരിവലയത്തിൽപ്പെട്ടതും , ലഹരിയിൽ മുങ്ങിത്താണ് നടികൾ ആത്മഹത്യചെയ്തതുമായ സംഭവങ്ങൾ ബോളീവുഡിൽ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോൾ മുബൈതീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് ആഡംബരക്കപ്പലിൽ ലഹരിപാർട്ടി ആരംഭിച്ചത്. എൻ.സി.ബി ഉദ്യോഗസ്ഥർ വേഷം മാറി യാത്രക്കാരായി സഞ്ചരിച്ചാണ് വൻവേട്ട നടത്തിയത്.
ലഹരിമരുന്ന് പിടിച്ചെടുത്തു
കൂട്ടുകാരനായ അർബ്ബാസ് മർച്ചന്റാണ് ആര്യൻഖാനെ കപ്പലിലേക്ക് കൂട്ടികൊണ്ടുപോയത്. ഇവരിൽ നിന്ന് ചരസ്,എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗ്സ് പിടിച്ചെടുത്തതായി എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ പ്രധാൻ പറഞ്ഞു.സി.ഐ.എസ്.എഫിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡ്.ലഹരിമരുന്ന് വിതരണക്കാരുമായി ആര്യൻഖാനും കൂട്ടുകാർക്കും ബന്ധമുണ്ടോയെന്നാണ് എൻ.സി.ബി പരിശോധിച്ചുവരുന്നത്.
ആര്യൻ നല്ല കുട്ടി
തനിക്കറിയാവുന്ന ആര്യൻഖാൻ നല്ലകുട്ടിയാണെന്ന് നടൻ സുനിൽഷെട്ടി പ്രതികരിച്ചു.ഇപ്പോൾ കേൾക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും സുനിൽ ഷെട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |