
അന്തർ സംസ്ഥാന നദീജലകരാറുകളിൽ കേരളത്തിന് എക്കാലവും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. മുല്ലപ്പെരിയാറിലും പറമ്പിക്കുളം ആളിയാർ പദ്ധതിയിലും ശിരുവാണിയിലും നെയ്യാറിലുമെല്ലാം അയൽക്കാർക്ക് ജലം ദാനം ചെയ്യുന്നതിന്റെ പുണ്യം മാത്രമാണ് ഇന്നും കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. പി.എ.പി കരാർ എന്നറിയപ്പെടുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതി കരാറിന് 68 വയസ് പൂർത്തിയാകുകയാണ്. യഥാർത്ഥത്തിൽ ജലനഷ്ടത്തിന്റെയും നീതിനിഷേധത്തിന്റെയും നീണ്ട അറുപത്തെട്ട് വർഷങ്ങളാണ് കടന്നുപോയത് എന്ന് ചുരുക്കം.
പറമ്പിക്കുളം – ആളിയാർ നദീജല കരാർ ചിറ്റൂരിന്റെ മാത്രം പ്രശ്നമല്ലേ എന്ന് ചോദിക്കുന്നവരുണ്ട് ഇന്നും. യഥാർത്ഥത്തിൽ ഭാരതപ്പുഴയുടെ പ്രധാന ജലനാഡിയാണു പറമ്പിക്കുളം – ആളിയാർ നദീജല കരാർ. പറമ്പിക്കുളം – ആളിയാർ പദ്ധതിയിലെ ആളിയാർ ഡാമിൽ നിന്നു മൂലത്തറ വഴി ജലം ചിറ്റൂർ പുഴയിലെത്തുന്നു. ചിറ്റൂർപുഴ പറളിയിൽ എത്തുമ്പോൾ അത് ഭാരതപ്പുഴയാകുന്നു. ആളിയാറിൽ നിന്നുള്ള ജലലഭ്യത ചിറ്റൂരിന്റെ മാത്രം പ്രശ്നവും പ്രതിസന്ധിയുമല്ല. ഭാരതപ്പുഴ ഒഴുകുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെയും ബാധിക്കുന്നതാണ്. പാലക്കാടൻ കാർഷിക മേഖലയുടെ നട്ടെല്ലു കൂടിയാണത്.
കരാറിലെ കാണാപ്പുറങ്ങൾ
പറമ്പിക്കുളം - ആളിയാർ പദ്ധതി നിർമ്മിക്കുന്നതിന് കേരളസർക്കാരും അന്നത്തെ മദ്രാസ് സർക്കാരും തമ്മിൽ 1958 നവംബർ ഒമ്പതിനാണ് കരാറിലേർപ്പെട്ടത്. ജലം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉള്ള നിലവിലെ കരാർ 1958 മുതൽ മുൻകാലപ്രാബല്യത്തോടെ 1970 മേയ് 29നാണ് ഒപ്പുവെച്ചത്. ഓരോ 30 വർഷം കൂടുമ്പോഴും അതുവരെയുള്ള ജലലഭ്യതയുടെ അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്ത് ഇരുസംസ്ഥാനങ്ങളും യോജിച്ചു നടപ്പാക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ച് 2 തവണ കരാർ പുനരവലോകനം ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും കേരളം ഇപ്പോഴും പേരിനു മാത്രം ചർച്ച നടത്തി, 'വേണോ, വേണ്ടയോ' എന്ന നിലപാടെടുക്കാതെ നിൽക്കുകയാണ്.
കരാർ പ്രകാരം പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ വിവിധ കൈവഴികളിൽ പറമ്പിക്കുളം - ആളിയാർ പദ്ധതിയുടെ ഭാഗമായി ഒമ്പത് അണക്കെട്ടുകളും ഒരു ഡൈവേർഷൻ വിയറും നിർമ്മിച്ചു. ഈ നിർമ്മിതികളെ പരസ്പരം ബന്ധിപ്പിച്ച് പെരിയാർ, ചാലക്കുടി പുഴത്തടങ്ങളിൽ നിന്നും നല്ലൊരളവ് വെള്ളം കിഴക്കോട്ട് തിരിച്ചുകൊണ്ടുപോയി തമിഴ്നാട്ടിൽ ഭാരതപ്പുഴത്തടത്തിലും കാവേരിതടത്തിലും ജലസേചനത്തിന് ഉപയോഗിക്കുന്നു. ആകെയുള്ള നിർമ്മിതികളിൽ കേരള - ഷോളയാർ മാത്രമാണ് നമ്മൾ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ പറമ്പിക്കുളത്ത് നിർമ്മിച്ച മൂന്ന് അണക്കെട്ടുകൾ ഉൾപ്പെടെ മറ്റുള്ളവയെല്ലാം തമിഴ്നാട് നിർമ്മിച്ച് കൈവശം വെച്ചിരിക്കുന്നതാണ്.
നീരാറിലെ വെള്ളം തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലെത്തുന്ന വഴിയറിഞ്ഞാൽ പറമ്പിക്കുളം - ആളിയാർ പദ്ധതിയുടെ ഭാഗമായ നിർമ്മിതിയിലെ സങ്കീർണതകളെക്കുറിച്ച് മനസിലാകും. നീരാറിൽ ഒരു ഡൈവേർഷൻ വിയറും ഒരു അണക്കെട്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടിടത്തുനിന്നും തമിഴ്നാട് ഷോളയാർ ജലസംഭരണിയിലേക്ക് തുറക്കുന്ന ടണലുകൾ നിർമ്മിച്ചിരിക്കുന്നു. തമിഴ്നാട് ഷോളയാറിൽ നിന്നും ഈ ജലം ആദ്യം പറമ്പിക്കുളത്തേക്കും അവിടെ നിന്ന് തൂണക്കടവിലേക്കും കൊണ്ടുപോകുന്നു. അവിടെനിന്ന് കിഴക്കോട്ട് തമിഴ്നാട്ടിലെ തിരുമൂർത്തി, ആളിയാർ അണക്കെട്ടുകളിലെത്തിച്ച് അവിടെനിന്ന് ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. സമാനമാണ് മറ്റിടങ്ങളിലെ ജലം സഞ്ചരിക്കുന്ന വഴികളും. പദ്ധതിയെക്കാൾ ഒരുപക്ഷേ, സങ്കീർണമാണ് പി.എ.പി കരാർ.
അഞ്ച് അദ്ധ്യായങ്ങൾ
കരാറിന് ആകെ അഞ്ച് അദ്ധ്യായങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് നിർമ്മിതികളെക്കുറിച്ചാണ്. രണ്ടാം ഷെഡ്യൂളിലാണ് ജലം പങ്കുവെക്കുന്നതിന്റെ വിശദാംശങ്ങൾ ഉള്ളത്. മൂന്നാമത്തേതിൽ സാമ്പത്തികകാര്യങ്ങളും നാലാമത്തേതിൽ പലവകയുമാണ്. ഷെഡ്യൂൾ അഞ്ചിൽ ജലം പങ്കുവെക്കുന്നത് നിരീക്ഷിക്കുകയും കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ട, ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജോയന്റ് വാട്ടർ റെഗുലേഷൻ ബോർഡിനെക്കുറിച്ച് പറയുന്നു.
നാലിടത്തായാണ് കേരളവും തമിഴ്നാടും ജലം പങ്കുവെക്കുന്നത്. ഓരോന്നിലും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ്. അപ്പർ നീരാർ വിയറിൽ ഒഴുകിയെത്തുന്ന വെള്ളത്തിൽ ഫെബ്രുവരി ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ളത് തമിഴ്നാടിനും മറ്റു നാലുമാസം കേരളത്തിനും എന്നാണ് വ്യവസ്ഥ. ചാലക്കുടിപ്പുഴയിൽ കേരള, തമിഴ്നാട് ഷോളയാർ ജലസംഭരണികളിൽ ആകെ ലഭ്യമാകുന്ന ജലത്തിൽ ഓരോ വർഷവും 12.3 ടി.എം.സി ഫീറ്റ് (348.23 ദശലക്ഷം ഘനമീറ്റർ) ജലം കേരള ഷോളയാറിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കാമെന്നു പറയുന്നു. അതിലധികമുള്ളത് തമിഴ്നാടിന് അവകാശപ്പെട്ടതാണ്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ (പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം) ആകെ നീരൊഴുക്കിൽ 14 ടി.എം.സി ഫീറ്റ് തമിഴ്നാടിന് തിരിച്ചുകൊണ്ടുപോകാമെന്നും അധികമുള്ളത് കേരളത്തിനെന്നും പറയുന്നു. ഭാരതപ്പുഴത്തടത്തിൽ എല്ലാ വർഷവും മണക്കടവ് വിയറിൽ ചിറ്റൂർ പുഴത്തടത്തിനായി ടി.എം.സി ഫീറ്റ് ജലം ലഭ്യമാക്കണം എന്നാണ് വ്യവസ്ഥ.
തുടർച്ചയാകുന്ന കരാർ ലംഘനങ്ങൾ
കരാർ ലംഘനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട് പി.എ.പിക്ക്. കരാറിനു പുറത്ത്, കേരളത്തെ അറിയിക്കുക പോലും ചെയ്യാതെ ഒട്ടേറെ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട് തമിഴ്നാട്. കാടംപാറയിൽ അണകെട്ടിയതും അക്കാമലയിലും ദേവിയാറിലും വിയറുകൾ കെട്ടിയതും കരാർലംഘനങ്ങളാണ്. തമിഴ്നാട് ഷോളയാറിൽ അധിക സ്പിൽവേ നിർമ്മിച്ചതും കരാറിന് വിരുദ്ധമായാണ്. പറമ്പിക്കുളം മേഖലയിൽ പദ്ധതിനിർമ്മാണത്തിന്റെ ആവശ്യങ്ങൾക്കായി നിർമ്മിച്ച പല കെട്ടിടങ്ങളും നിർമ്മാണം പൂർത്തിയായി അരനൂറ്റാണ്ടിനടുത്തായിട്ടും നമുക്ക് കൈമാറിയിട്ടില്ല.
എന്തുകൊണ്ട് പുനരവലോകനം?
പറമ്പിക്കുളം – ആളിയാർ കരാറിൽ കേരളത്തിന് എന്നും ജലനഷ്ടം മാത്രമാണ് സംഭവിക്കുന്നത്. ജൂലായ് ഒന്നു മുതൽ അടുത്ത വർഷം ജൂൺ 30 വരെ നീളുന്ന ഒരു ജലവർഷത്തിൽ ആളിയാറിൽ നിന്ന് 7.25 ടി.എം.സി ജലമാണ് കേരളത്തിനു ലഭിക്കുന്നത്. ഇതിനു പലപ്പോഴും കടുത്ത സമ്മർദ്ദം വേണ്ടിവരുന്നു. ചുരുങ്ങിയത് 12.5 ടി.എം.സി ജലമെങ്കിലും ലഭിക്കത്തക്ക വിധത്തിൽ കരാർ പുനരവലോകനം ചെയ്യണമെന്നതു പാലക്കാടിന്റെ ആവശ്യമാണ്. പദ്ധതിയിൽ കരാർ ലംഘനങ്ങളും ഏറെയാണ്. ഇതിനെതിരെയും കേരളത്തിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ചിറ്റൂരിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്ന കെ. കൃഷ്ണൻകുട്ടി ജലസേചന വകുപ്പു മന്ത്രിയായിരിക്കെ അദ്ദേഹം മുൻകയ്യെടുത്താണ് കരാർ പുനരവലോകനത്തിൽ കാര്യക്ഷമമായ ചർച്ച നടത്തിയത്. അന്നു കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലും തുടർന്ന് ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറി തലത്തിലും ചർച്ച നടന്നു.
2021ൽ പുതിയ സർക്കാർ വന്നു. കെ. കൃഷ്ണൻകുട്ടി വൈദ്യുതി വകുപ്പിലേക്കു മാറി. പിന്നീട് ജലസേചനവകുപ്പിൽ നിന്ന് ആളിയാർ വിഷയത്തിൽ തുടർ ചർച്ചയ്ക്കു കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ല. മുഖ്യമന്ത്രിയാണു സംസ്ഥാനാന്തര നദീജല പ്രശ്നം കൈകാര്യം ചെയ്തിരുന്നതെങ്കിലും ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടതു ജലസേചനവകുപ്പാണ്. മുല്ലപ്പെരിയാർ, ശിരുവാണി സംസ്ഥാനാന്തര നദീജല കരാറുകൾക്കൊക്കെ കാലാവധിയുണ്ട്. അതേസമയം, പറമ്പിക്കുളം – ആളിയാർ കരാറിനു നിശ്ചിത കാലാവധി പറഞ്ഞിട്ടില്ല. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകൾ കേരളത്തിലെ മുതലമട പഞ്ചായത്ത് പരിധിയിലാണ്. അതേസമയം, കരാർ പ്രകാരം ഡാമിന്റെ നിയന്ത്രണം തമിഴ്നാട്ടിലാണ്. അറ്റകുറ്റപ്പണി നടത്തുന്നതും തമിഴ്നാടാണ്. ഡാമിന്റെ നിയന്ത്രണം കേരളം ഏറ്റെടുക്കണമെന്ന് ഒട്ടേറെത്തവണ ആവശ്യം ഉയർന്നിരുന്നു. പറമ്പിക്കുളം – ആളിയാർ കരാർ പുനരവലോകനത്തിൽ ആദ്യം വേണ്ടത് ചർച്ചയ്ക്ക് 'ടൈം ഷെഡ്യൂൾ' നിശ്ചയിക്കുകയാണ്. അല്ലാതെ എപ്പോഴെങ്കിലും ചർച്ച നടത്തിയതു കൊണ്ടു കാര്യമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |