SignIn
Kerala Kaumudi Online
Sunday, 24 May 2026 3.48 AM IST

ഇ-ബസുകൾ കാലത്തിന്റെ അനിവാര്യത

s

നമ്മുടെ ഭൗതിക ചുറ്റുപാടുകൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ ചിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നത് പുരോഗതിയിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന ഏതൊരു സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. വിവിധ ഘട്ടങ്ങളിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ കണ്ടുപിടുത്തങ്ങളും മുന്നേറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തി ക്കൊണ്ടാണ് ഓരോ സമൂഹവും അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളത്. അതുകൊണ്ട് ജീവിതം കൂടുതൽ പ്രശ്നരഹിതമാക്കാനും കുറ്റമറ്റതാക്കാനും ലഭിക്കുന്ന ഏതവസരവും നമുക്ക് ഉപയോഗിച്ചേ പറ്റൂ. ഇവിടെയാണ് യാത്രാസൗകര്യത്തിലെ ഒരു മാതൃകാ വ്യതിയാനം പോലെ നമ്മെ ആകർഷിക്കുന്ന ഇലക്ട്രിക്കൽ ബസ്സുകളുടെ സാംഗത്യം കുടികൊളളുന്നത്.

നമ്മുടെ ജീവിത ചുറ്റുപാടുകളുടെ സങ്കീർണത, അത് സൃഷ്ടിക്കുന്ന കാലികവും കാലാതീതവുമായ പ്രശ്നങ്ങൾ, അവ ഒഴിവാക്കുന്നതിനു സഹായകമായ മാർഗങ്ങൾ, അവ ഉപയോഗപ്പെടുത്തുമ്പോഴുണ്ടാകുന്ന ലാഭനഷ്ടങ്ങൾ, അതുളവാക്കുന്ന സൗകര്യസാദ്ധ്യത എന്നിങ്ങനെ നാനാ വശങ്ങൾ പരിശോധിച്ചു വേണം പുതുമയാർന്ന ഏതൊരു സംവിധാനവും നാം പ്രയോജനപ്പെടുത്തേണ്ടത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇ-ബസുകൾ പരീക്ഷിക്കുന്നത് പലനിലകളിൽ ആശ്വാസകരവും പ്രതീക്ഷാനിർഭരവുമാണ്. ഡീസൽ ഉപയോഗിക്കുന്ന ബസു കളേക്കാൾ കുറഞ്ഞ ഇന്ധനച്ചെലവ്, ഡ്രൈവറുടെയും ശമ്പളത്തിന്റെയും ബാദ്ധ്യതയില്ലായ്മ, വൈദ്യുതി ചാർജിങ്ങ് നികുതി, ഇൻഷ്വറൻസ് എന്നിവയുടെ ചെലവിൽ നിന്നുള്ള മോചനം എന്നിവ ഇ- ബസുകളുടെ ആകർഷണീയതയാണ്. പുക കൊണ്ടുള്ള മലിനീകരണവും ശബ്ദ മലിനീകരണവും ഒഴിവാകുന്നു എന്നതും ഇ -ബസുകളുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളിലെ യാത്ര ഡീസൽ വാഹനങ്ങളിലേതിനേക്കാൾ താരതമ്യേന സുഖകരമാണെന്ന് ഇപ്പോൾത്തന്നെ തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ഇ-ബസുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന ഡീസൽ വില വർദ്ധനവിന്റെ ഭാരം ഒഴിവാക്കാനും ഇ-ബസുകൾ സഹായകമാകും. 12 വർഷത്തെ ഗ്യാരന്റിയോടെ കേന്ദ്ര സർക്കാരാണ് 950 ഇ-ബസുകൾ നൽകുന്നത് എന്നതുകൊണ്ട് നമുക്ക് ബാദ്ധ്യതകളൊന്നും ഉണ്ടാകുന്നുമില്ല. കണ്ടക്ടറെ വച്ച് കിലോമീറ്ററിന് 8 രൂപ വേതനം നൽകണമെന്ന ബാദ്ധ്യതയേയുള്ളൂ. ഇങ്ങനെ നാനാ തലങ്ങളിൽ ആലോചിക്കുമ്പോൾ നഗരയാത്രയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ഇലക്ട്രിക് ബസുകൾ എന്ന് അർത്ഥശകയ്ക്കിടയില്ലാതെ പറയാൻ കഴിയും. ലോകത്തിന്റെ ഏതു ഭാഗത്തുമുണ്ടാകുന്ന സാങ്കേതിക വിദ്യയുടെ നവീകരണ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഔത്സുക്യം കാണിക്കുന്നവരാണ് നാം.

കമ്പ്യൂട്ടർ ഉപയോഗത്തിനോട് തുടക്കത്തിൽ കാട്ടിയ വൈമുഖ്യം ഒഴിവാക്കേണ്ടതായിരുന്നു എന്നു തിരിച്ചറിഞ്ഞവരാണ് നമ്മൾ. അതുകൊണ്ട് ഇന്ധനം, ഊർജം, കാലാവസ്ഥ എന്നിവയിലെയെല്ലാം കയറ്റിറക്കങ്ങൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ഭാവി കൂടി മുന്നിൽക്കണ്ട് ഇ- ബസുകളുടെ ഉപയോഗത്തിലേക്കു നഗര ഗതാഗത സംവിധാനം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കെ.എസ്.ആർ.ടി.സി സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമ്പോഴും കൂടുതൽ ബസുകൾ ആവശ്യമാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഈ സാദ്ധ്യത പ്രയോജനപ്പെടുത്താതിരുന്നത് മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറിന്റെ അനാവശ്യ പിടിവാശിയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇവിടെ ആവശ്യത്തിനു ബസ് ഉണ്ടെന്ന ന്യായീകരണമാണ് അദ്ദേഹം പറഞ്ഞത്. ഇനി ആ തർക്കവിതർക്കങ്ങളിലേക്ക് പോകുന്നതിനു പകരം, കൃത്യമായ നിലപാടെടുത്ത് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഗതാഗത വകുപ്പിന്റെ സാരഥ്യത്തിലേക്കു വന്ന മന്ത്രി സി.പി. ജോണിന് അതിനുള്ള ഇച്ഛാശക്തിയും കർമ കുശലതയും പ്രകടിപ്പിക്കാൻ കഴിയുമെന്നും ഞങ്ങൾ കരുതുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY