SignIn
Kerala Kaumudi Online
Sunday, 24 May 2026 2.03 AM IST

ഗുരുദേവന്റെ സിലോൺ സന്ദർശനം സർവ ദർശന സമന്വയം: സ്വാമി സച്ചിദാനന്ദ

d

കൊളംബോ: ശ്രീനാരായണ ഗുരുദേവന്റെ സിലോൺ സന്ദർശനം സർവ്വദർശനസമന്വയത്തിന് നിദാനമായെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ വേൾഡ് കൗൺസിലിന്റെയും ശ്രീലങ്കയിലെ ശ്രീനാരായണഗുരു സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കൊളംബോയിലെ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്ന ഗുരുദേവഭക്തസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിലോൺ സന്ദർശനവേളയിലാണ് ശൈവസമ്പ്രദായത്തെ പിന്തുടർന്നതിന്റെ ഭാഗമായി വെളള വസ്ത്രം ധരിച്ചിരുന്ന ഗുരുദേവൻ കാഷായ വസ്ത്രം ധരിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ വേദാന്ത ദർശനത്തിന്റെയും സിദ്ധാന്ത ദർശനത്തിന്റെയും സമന്വയമായിരുന്നു ഈ കാഷായ വസ്ത്രധാരണം . ബുദ്ധമത ദർശനത്തെക്കുറിച്ച് ബുദ്ധസന്യാസി ശ്രേഷ്ഠരുമായി ഗുരുദേവൻ സംസാരിച്ചിരുന്നു. ഗുരുദേവന്റെ പഞ്ചശീലങ്ങൾ, പഞ്ചധർമ്മങ്ങൾ, പഞ്ചശുദ്ധികൾ, മഞ്ഞവസ്ത്ര പ്രഖ്യാപനം ഇതെല്ലാം ചോദിച്ചറിഞ്ഞ ബുദ്ധഭിക്ഷുക്കൾ ബുദ്ധന്റെ ആദർശത്തെ ഗുരുവിൽ കണ്ടു. രണ്ടാം ബുദ്ധനാണ് ഗുരുദേവനെന്ന് അഭിപ്രായപ്പെട്ടതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 'നാമും ബുദ്ധമതത്തിൽപ്പെട്ടയാളാണ്' എന്ന് ഗുരുദേവൻ അരുളി ചെയ്തു.

ഖാദർ എന്ന ഇസ്ലാം യുവാവ് ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിക്കുകയും സ്കന്ദസ്വാമിയെന്ന നാമധേയം സ്വീകരിക്കുകയും ചെയ്യുന്നത് ഈ വേളയിലാണ്. ഗുരുദേവശിഷ്യ സംഘത്തിൽ തന്നെയൂം ചേർക്കണമെന്ന് ഖാദർ ആവശ്യപ്പെട്ടപ്പോൾ , ഖാദറായി ഇരുന്നു കൊണ്ട് തന്നെ സംഘത്തിൽ ചേരാമല്ലോ എന്നാണ് ഗുരുദേവൻ അരുളിയത്. എല്ലാ മതങ്ങളെയും ദർശനങ്ങളെയും തുല്യമായി കണ്ട ഗുരുദേവന്റെ സമന്വയ ദർശനത്തിന്റെ മഹത്തായ പ്രഖ്യാപനമായിരുന്നു സിലോൺ സന്ദർശനമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA