
ദുബായ്: ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ദ്ധിപ്പിച്ചതോടെ സ്വര്‍ണം, വെള്ളി വില വീണ്ടും കുതിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അതിന് അനുസരിച്ച് വിലയിലെ വര്‍ദ്ധനവ് പെട്ടെന്ന് തന്നെ രേഖപ്പെടുത്താനും തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വീണ്ടും ലാഭകരമായി മാറുന്ന സ്ഥിതിയുണ്ട്. ഇന്ത്യയിലെ വിലയെ അപേക്ഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ വിലയില്‍ വലിയ കുറവാണ് അനുഭവപ്പെടാറുള്ളത്.
ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം വരെ വിലയില്‍ ലാഭം കിട്ടാനുള്ള സാദ്ധ്യതയാണ് ഗള്‍ഫ് വിപണിയില്‍ നിന്ന് വാങ്ങുന്നവര്‍ക്ക്. പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും നികുതിരഹിത ഷോപ്പിങ്ങിന്റെ ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നതോടെ ഗള്‍ഫ് മേഖല ലോകത്തിന്റെ പ്രധാന സ്വര്‍ണ ഷോപ്പിങ് കേന്ദ്രമായി മാറുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലെ പുതിയ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രകാരം പ്രവാസികള്‍ക്കുള്ള ഡ്യൂട്ടി ഫ്രീ പരിധിയും സഹായകമാകും.
സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെയും സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ അനുവാദമുണ്ട്. 40 ഗ്രാം (അഞ്ച് പവന്‍) സ്വര്‍ണം ഗള്‍ഫില്‍ നിന്ന് വാങ്ങിയാല്‍ നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 50,000 രൂപ വരെയാണ് ലാഭമായി ലഭിക്കുക. കേരളത്തില്‍ വിവാഹ സീസണ്‍ കൂടി അടുക്കുമ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണം കൊണ്ടുവരുന്നത് വലിയ ലാഭമാണ് വാങ്ങുന്നവര്‍ക്ക് ലഭിക്കുക.
കൂടുതല്‍ ഗുണനിലവാരമുള്ള സ്വര്‍ണം ലഭിക്കുമെന്നതും ഗള്‍ഫ് മേഖലയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായുള്ള ഗവണ്‍മെന്റ് മേല്‍നോട്ടവും മറ്റ് വിപണികളെ അപേക്ഷിച്ച് കുറഞ്ഞ പണിക്കൂലിയും ഗള്‍ഫ് മേഖലയിലെ സ്വര്‍ണ വിപണിയുടെ പ്രത്യേകതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |