SignIn
Kerala Kaumudi Online
Saturday, 23 May 2026 6.10 PM IST

ബിജെപി സർക്കാരിനെ ഭയം; ബംഗാളിലെ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിൽ കൂട്ട രാജി

mamata-banerjee

കൊൽക്കത്ത: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പശ്ചിമബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കനത്ത പ്രതിസന്ധി. സംസ്ഥാനത്തെ 128 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഭരിക്കുന്നത് തൃണമൂൽ കോൺഗ്രസാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പുതിയ ബിജെപി സർക്കാർ വ്യക്തമാക്കിയതോടെ കൂട്ടരാജിയാണ് ഇവിടങ്ങളിൽ നടക്കുന്നത്.

പല മുനിസിപ്പാലിറ്റികളിലെയും തൃണമൂൽ കൗൺസിലർമാർ രാജിവച്ചു. നിരവധി ഉദ്യോഗസ്ഥർ ഓഫീസുകളിൽ പോകുന്നത് നിർത്തി. ചെയർപേഴ്‌സൺമാർ ഓഫീസുകളിൽ വരാത്തതും കൗൺസിലർമാർ രാജിവയ്ക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് നഗരവികസന, മുനിസിപ്പൽ കാര്യ മന്ത്രി അഗ്നിമിത്ര പോൾ പറഞ്ഞു. പകരം അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാൻ തുടങ്ങി. വരാത്തവരെ കാത്തിരിക്കാൻ കഴിയില്ല. അവർ വന്നാൽ ഒരുമിച്ച് പ്രവർത്തിക്കും. അല്ലാത്തപക്ഷം ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി.

നോർത്ത് 24-പർഗാനാസിലെ ഹാലിസഹാറിലും ഭട്‌പാറയിലും ഭൂരിപക്ഷം കൗൺസിലർമാരും രാജിവച്ചു. ഹാലിസഹാറിൽ 23 കൗൺസിലർമാരിൽ 16 പേർ വ്യാഴാഴ്ച രാജിവച്ചിരുന്നു. വെള്ളിയാഴ്ച ഭട്‌പാറ മുനിസിപ്പാലിറ്റിയിലെ 35 കൗൺസിലർമാരിൽ 30 പേരും രാജി സമർപ്പിച്ചു. ദുർഗാപൂരിലും ഹൗറയിലും പുതിയ സർക്കാർ ഇതിനകംതന്നെ അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചിട്ടുണ്ട്. മറ്റ് ഏഴ് മുനിസിപ്പാലിറ്റികളിലും അഡ്മിനിസ്ട്രേറ്റർമാരെ നിയമിച്ചിട്ടുണ്ട്. ബിജെപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ രാജിവയ്ക്കുന്നുവെന്നാണ് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി ഇന്നലെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TRINAMOOL CONGRESS, WESTBENGAL, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360