
ചെന്നൈ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും ഐപിഎൽ താരവുമായിരുന്ന വിജയ് ശങ്കർ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വിദേശ ലീഗുകളിൽ കൂടുതൽ അവസരങ്ങൾ തേടുന്നതിനും കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് തീരുമാനമെന്ന് താരം വ്യക്തമാക്കി. വൈകാരിക കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കൽ വാർത്ത പങ്കുവച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായിരുന്ന വിജയ്‌ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ചെന്നൈ ടീം താരത്തെ റിലീസ് ചെയ്‌തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതിനാൽ ഇത്തവണ അൺക്യാപ്പ്ഡ് പ്ലെയറായാണ് ലേലത്തിൽ പങ്കെടുത്തത്. എന്നാൽ ലേലത്തിൽ താരത്തെ വാങ്ങാൻ ഒരു ഫ്രാഞ്ചൈസിയും താല്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
10 സീസണുകളിലായി നാല് ടീമുകൾക്കുവേണ്ടിയാണ് (GT, SRH, CSK, DC) അദ്ദേഹം ഐപിഎല്ലിൽ കളിച്ചത്. മൊത്തം 78 മത്സരങ്ങളിൽ നിന്ന് 1233 റൺസും 11 വിക്കറ്റും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 77 മത്സരങ്ങളിൽ നിന്ന് 4253 റൺസും 47 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ടീമിനായി 12 ഏകദിനങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളും കളിച്ച വിജയ് 2019 ജൂണിലാണ് അവസാനമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.
വിജയ് ശങ്കറിന്റെ വിരമിക്കൽ കുറിപ്പ് ;
'ക്രിക്കറ്റാണ് എന്റെ ജീവൻ. പത്താം വയസിൽ തുടങ്ങിയതാണ് കളി. ഇപ്പൊൾ 25 വർഷം കഴിഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിലും, അതിന്റെ ഏറ്റവും ഉയർന്ന ലെവലിലും കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, ദൈവത്തോട് നന്ദിയുണ്ട്. ദേശീയ ടീമിൽ കളിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം. പുതിയ അവസരങ്ങൾ തേടാനും, ഇനിയും കൂടുതൽ ക്രിക്കറ്റ് കളിക്കാനും വേണ്ടിയാണ് ഐപിഎല്ലിൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യാൻ എന്നെ അനുവദിച്ചവരോട് വെറുമൊരു 'താങ്ക്സ്' പറഞ്ഞാൽ ഒന്നുമാകില്ല. മനസ് നിറഞ്ഞ് എല്ലാവർക്കും നന്ദി.
ബിസിസിഐയോടും ഇന്ത്യൻ ടീമിനോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു. എത്രയോ ഓർമ്മകൾ, പഠിച്ച പാഠങ്ങൾ, പ്രചോദനങ്ങൾ! ഇന്ത്യക്ക് വേണ്ടി കളിക്കുകയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി. നാഗ്പൂരിൽ ഇന്ത്യയുടെ 500ാം ഏകദിന മത്സരത്തിലെ ആ അവസാന ഓവർ എറിഞ്ഞതും, 2019 ലോകകപ്പിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് എടുത്തതുമൊക്കെ ഒരിക്കലും എനിക്ക് മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ്. കളിച്ച ഐപിഎൽ ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്... നിങ്ങളോടെല്ലാം എന്റെ പ്രത്യേക നന്ദി. അവിടെ നിന്നൊക്കെ കിട്ടിയ അനുഭവങ്ങളും പാഠങ്ങളുമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
സോഷ്യൽ മീഡിയയിലും മറ്റും വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള വെറുപ്പും നെഗറ്റിവിറ്റിയും ഞാൻ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഒരുകാര്യം പറയാം... അതൊക്കെ പാടേ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. എനിക്ക് അത് സാധിക്കുമെങ്കിൽ ഈ ലോകത്ത് ആർക്കും അത് സാദ്ധ്യമാകും! എപ്പോഴും പോസിറ്റീവായി ചിന്തിക്കുക, കഠിനദ്ധ്വാനം ചെയ്യുക. ക്രിക്കറ്റാണ് എന്നെ ജീവിതം എന്താണെന്ന് പഠിപ്പിച്ചത്. കാരണം, ക്രിക്കറ്റ് തന്നെയാണ് എന്റെ ജീവിതം!'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |