SignIn
Kerala Kaumudi Online
Monday, 25 May 2026 7.48 AM IST

വധുവിന് ഒരു പവനും പട്ടുസാരിയും,​ നവജാത ശിശുക്കൾക്ക് സ്വർണമോതിരം; വമ്പൻ വാഗ്‌ദാനങ്ങളുമായി ടിവികെ

vijay

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള വിപുലമായ ജനക്ഷേമ പദ്ധതികളാണ് പാർട്ടി മന്നോട്ടുവയ്ക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി വൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളുടെ വിവാഹത്തിന് സാമ്പത്തിക സഹായത്തിന് പുറമെ ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകും. നവജാത ശിശുക്കൾക്ക് സ്വർണമോതിരവും പ്രസവാനന്തരം അമ്മമാർക്ക് പ്രതിമാസം 17,000 രൂപ വീതവും നൽകുമെന്നാണ് ടിവികെ വാഗ്ദാനം ചെയ്യുന്നത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് മാസംതോറും 2,500 രൂപ ധനസഹായം നൽകും. ഒരു കുടുംബത്തിന് വർഷത്തിൽ ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കും. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും ഉറപ്പാക്കും.


യുവാക്കളെയും സ്ത്രീകളെയും പോലെ തന്നെ തമിഴ്നാട്ടിലെ നിർണായക വോട്ട് ബാങ്കായ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി വിപുലമായ പദ്ധതികൾ പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതും മത്സ്യബന്ധന മേഖലയുടെ ആധുനികവൽക്കരണവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ട്. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ കാർഷിക വായ്പകൾ പൂർണമായും ഒഴിവാക്കും. കരിമ്പിന് ടണ്ണിന് 4,500 രൂപയായും നെല്ലിന് ക്വിന്റലിന് 3,500 രൂപയായും ഉയർത്തും. ആരോഗ്യ ഇൻഷുറൻസിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ വിപുലമായ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും.


തൊഴിലില്ലായ്മ പരിഹരിക്കാൻ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും നൽകും. അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വിജയ് പത്രികയിലൂടെ പ്രഖ്യാപിച്ചു. ജനകീയ പ്രഖ്യാപനങ്ങളിലൂടെ തമിഴ് മണ്ണിൽ വലിയ ചലനമുണ്ടാക്കാനാണ് രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെ വിജയ് ശ്രമിക്കുന്നത്. സൗജന്യങ്ങൾക്കപ്പുറം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഊന്നിയുള്ള വികസനമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും പ്രകടനപത്രികയിലൂടെ ടിവികെ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TVK, VIJAY, TVK MANIFESTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360