SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

വീണ്ടും ഡോക്ടർ ഹാരിസ്: സിസ്റ്റം ശരിയല്ല, ആരോഗ്യമന്ത്രി രോഗികളുമായി ചർച്ച നടത്തണം

p

തിരുവനന്തപുരം : ആശുപത്രികളിൽ രോഗികളുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ പുതിയ ആരോഗ്യമന്ത്രി രോഗികളുമായി വേണം ആദ്യം ചർച്ച നടത്തേണ്ടതെന്ന് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. സിസ്റ്റം ശരിയാകാനുണ്ട്. താൻ ഉന്നയിച്ച പലതും പ്രശ്നങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു. രോഗികളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മെഡിക്കൽ കോളേജുകളുടെ മെഡിക്കൽ കോളേജായ തിരുവനന്തപുരത്ത് സ്ഥലപരിമിതി വലിയ പ്രശ്നമാണ്. ഉപകരണങ്ങളുടെ ക്ഷാമം ഇപ്പോഴുമുണ്ട്. പുതിയ ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള അപേക്ഷകൾ ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്. 2023ൽ പുതിയ ഉപകരണത്തിന് നൽകിയ അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ഉണ്ട്. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻപോലും ആളില്ല. ശമ്പളം വളരെ കുറവാണ്. പല വാർഡുകളിലും ആവശ്യത്തിന് ജീവനക്കാരില്ല. 60രോഗികൾക്ക് ഒരു നഴ്സാണ് . ഇതാണ് ചികിത്സാ പിഴവുകൾക്ക് പലപ്പോഴും കാരണം.

പുതിയ മെഡിക്കൽ

കോളേജുകൾ വേണ്ട

മെച്ചപ്പെട്ട ചികിത്സയാണ് ലക്ഷ്യമെങ്കിൽ പുതിയ മെഡിക്കൽ കോളേജുകൾ വേണമെന്നില്ല. നിലവിലുള്ള മെഡിക്കൽ കോളേജുകൾ മെച്ചപ്പെടുത്തിയാൽ മതി. എന്നാൽ തിരുവന്തപുരത്ത് ജനറൽ ആശുപത്രിയിൽ തുടങ്ങിവച്ച പുതിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനോട് യോജിക്കുന്നു. ട്രോമാ കെയറുകൾ കൂടുതലായി തുടങ്ങണം. മെഡിക്കൽ കോളേജിലെ രോഗി ബാഹുല്യം കുറയ്ക്കാൻ ഇത് സഹായിക്കും. ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ന്യൂറോളജിയിലെ ഡോ.സുനിലിനെ നിയമിച്ചതിൽ സന്തോഷമുണ്ട്. വളരെ അപൂർവമായാണ് ഡോക്ടർമാരെ ഭരണ മേഖലയിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DR.HARIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA