
തിരുവനന്തപുരം: പോളിയോ ബാധിച്ച് അരയ്ക്കു താഴെ സ്വാധീനം നഷ്ടമായെങ്കിലും, കൃഷിയെ മുറുകെപ്പിടിച്ച് ജീവിത വഴി കണ്ടെത്തുകയാണ് പത്തനംതിട്ട റാന്നി വെച്ചൂച്ചിറ അരീപ്പറമ്പിൽ വീട്ടിൽ മനു തോമസ്.
നാലരയേക്കറിലെ സമ്മിശ്ര കൃഷിയിൽ തെങ്ങും കാപ്പിയും കുരുമുളകും കൊക്കോയും റബ്ബറും മാത്രമല്ല, തേനീച്ചക്കൃഷിയുമുണ്ട്. ഭിന്നശേഷി വിഭാഗത്തിലെ ഏറ്റവും മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കഴിഞ്ഞ വർഷം നേടിയ മനുവിന്റെ
പ്രധാന വരുമാന മാർഗ്ഗം കോഴിവളർത്തലാണ്.ഒരു ദിവസം പ്രായമായ ബി.വി 380 ഇനം മുട്ടക്കോഴികുഞ്ഞുങ്ങളെ ബംഗളുരുവിലെ ഹാച്ചറിയിൽ നിന്ന് നേരിട്ടെത്തിച്ച് വളർത്തി മുട്ടയിടാൻ പ്രായമാകുമ്പോൾ വിൽക്കും. ഇതോടൊപ്പം, പൗൾട്രി ഡെവലപ്‌മെന്റ് കോർപറേഷന്റെ കൊല്ലം ഹാച്ചറിയിൽനിന്ന് വാങ്ങുന്ന ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ 35 ദിവസം വളർത്തി വിൽക്കും.ശരാശരി 6,000ത്തോളം മുട്ടക്കോഴികളും ഇറച്ചിക്കോഴികളും മനുവിന്റെ ഫാമിൽ എപ്പോഴും ഉണ്ടാകും.
അഞ്ഞൂറിലധികം കുരുമുളക് ചെടികളിൽ നിന്നായി കഴിഞ്ഞ വർഷം 500 കിലോ ഉണക്കക്കുരുമുളകും 100 ലധികം കൊക്കോ മരങ്ങളിൽ നിന്നായി 200 കിലോ കൊക്കോ പരിപ്പും 450 കിലോ ഉണക്ക കാപ്പിക്കുരുവും ഇക്കഴിഞ്ഞ വർഷം വിറ്റു. 250 റബർമരങ്ങളിൽ നിന്നായി ഒരു ദിവസത്തെ ടാപ്പിംഗിൽ 16 മുതൽ 24 കിലോ ഷീറ്റ് വരെ ലഭിക്കും. കായ്ക്കുന്ന 80 തെങ്ങുകളുമുണ്ട്.
ഇഞ്ചിയും മഞ്ഞളും കപ്പയും ചേമ്പും കാച്ചിലും കിഴങ്ങും വേറെയുണ്ട്. പച്ചക്കറിയിൽ വഴുതനയും കാന്താരിയും പച്ച മുളകും വെണ്ടയുമാണുള്ളത് . നേന്ത്രനും ഞാലിപ്പൂവനും കപ്പവാഴയും പാളയൻകോടനുമാണ് വാഴയിനങ്ങൾ.
കൃഷിടത്തിൽ സ്ഥാപിച്ച 40 തേനീച്ചപ്പെട്ടികളിൽ നിന്നായി ഇക്കഴിഞ്ഞ സീസണിൽ 500 കിലോ തേൻ വിറ്റിരുന്നു. തേനീച്ചകളുടെ പരാഗണ പ്രക്രിയയിലൂടെ കൊക്കോ, കാപ്പി, തെങ്ങ്, ജാതി എന്നിവയുടെ വിളവും വർദ്ധിക്കുന്നുണ്ട്.
കൃഷിയിടത്തിൽ ഒരുക്കിയിട്ടുള്ള വഴിയിലൂടെ മനു തന്നെയാണ് ഓട്ടോറിക്ഷയും സ്‌കൂട്ടറും ഓടിച്ചെത്തി ഉത്പന്നങ്ങൾ ശേഖരിക്കുന്നതും വിപണിയിൽ എത്തിക്കുന്നതും.
പിതാവ് തോമസും അമ്മ അന്നമ്മയും ഭാര്യ മിനിയും മക്കളായ അനുവും മേരിയും ഏബലും സഹായികളായി ഒപ്പമുണ്ട് .
കൃഷിചെയ്യാൻ ആദ്യം വേണ്ടത് മനസാണ്. മനസുണ്ടെങ്കിൽ എല്ലാം പിന്നാലെ വരും.
- മനുതോമസ്
കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |