
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സി.പി.എം. യു.ഡി.എഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികൾ സ്വീകരിച്ചെന്ന എൽ.ഡി.എഫ് ആരോപണം ശരി വയക്കുന്ന കാര്യങ്ങളാ ഉണ്ടായിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിലുണ്ടായിട്ടില്ല. പശ്ചിമ ബംഗാളിൽ സമാനമായ നിയമനങ്ങൾ നടന്നപ്പോൾ, ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയുമെന്നായിരുന്നു എ.ഐ.സി.സിയുടെ പ്രതികരണം. കേരളത്തിൽ നടന്നത് കോൺഗ്രസും ബി.ജെ.പിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും കൂട്ടുകെട്ടുമല്ലേയെന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.
എസ്.ഐ.ആറിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും അനർഹരെ നിലനിർത്തുകയും ചെയ്തു. പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ് ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാൻ കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീൽ പതിപ്പിച്ചതും മറ്റൊരു ഇടപെടലാണെന്ന് സെക്രട്ടേറിയറ്റ് പറഞ്ഞു.
രത്തൻ കേൽക്കർ
മുഖ്യമന്ത്രിയുടെ സെക്രട്ടറി:
നിയമനത്തിൽ വിവാദം
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്ക്കരണം നടപ്പാക്കിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ ഡോ.രത്തൻ.യു.കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് വിവാദമാകുന്നു.ബംഗാളിൽ എസ്.ഐ.ആർ നടപ്പാക്കിയ ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയാക്കിയത് കോൺഗ്രസ് ദേശീയ തലത്തിൽ വിമർശിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് വിവാദ നിയമനം.
നിയമനത്തിൽ അസ്വാഭാവികതയില്ലെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ Mഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. ആവശ്യപ്പെട്ടു.കൊള്ള നടത്തിയതിന്റെ പ്രതിഫലമെന്ന് ബംഗാളിൽ ആരോപിക്കുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരണം നടത്തണമെന്നും
പി രാജീവ് ആവശ്യപ്പെട്ടു.എസ്.ഐ.ആറിനെ വിമർശിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ബി.ജെ.പി.യും പറഞ്ഞു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് സർക്കാരിന്റെ അധികാരമാണെന്ന് ആഭ്യന്തര മന്ത്രിയും രമേശ്ച ചെന്നിത്തല പറഞ്ഞു.രത്തൻകേൽക്കർ നല്ലൊരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ സംസ്ഥാന സർവ്വീസിലേക്ക് തിരിച്ചുവിളിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |