
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചതിൽ അന്വേഷണം അട്ടിമറിച്ച എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ സസ്പെൻഡ് ചെയ്തേക്കും. ഗൺമാൻമാരുടെ വീഴ്ച ചൂണ്ടിക്കാട്ടിയ ആദ്യ കേസ്ഡയറി തിരുത്തിയത് അജിത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എസ്.ഐ.ടിക്ക് മൊഴി നൽകി. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി കേസ്ഡയറി തിരുത്തി എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃതൃമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്.ഐ.ടി.തയാറാക്കും. കേസ്‌ഡയറി തിരുത്തിയതിൽ അജിത്കുമാറിനോട് സർക്കാർ വിശദീകരണം തേടും. തൃപ്തികരമല്ലെങ്കിൽ വ്യാജരേഖ ചമച്ചതിനുൾപ്പടെ എ.ഡി.ജി.പിക്കെതിരെ കേസെടുക്കാനുമാവും. ജൂലായിൽ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ ഗുരുതര ആരോപണം.
''നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആളുകളെ മർദ്ദിച്ച സംഭവത്തിൽ എസ്.ഐ.ടി റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകും.''
-രമേശ് ചെന്നിത്തല,
ആഭ്യന്തര മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |