SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

വകുപ്പ് മന്ത്രിമാർ അറിയാതെ  ഐ.എ.എസ് അഴിച്ചുപണി, 6 കളക്ടർമാരെയടക്കം മാറ്റി, ഉത്തരവ്  മരവിപ്പിച്ചേക്കും

kerala-secretariat

തിരുവനന്തപുരം: വകുപ്പ് മന്ത്രിമാർ അറിയാതെ ആറ് കളക്ടർമാരുൾപ്പെടെ 15ഐ.എ.എസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. മന്ത്രിമാർ എതിർപ്പ് അറിയിച്ചതോടെ ഉത്തരവ് മരവിപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി വി.ഡി.സതീശൻ സർക്കാർ ആദ്യമായി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണിത്. മുഖ്യമന്ത്രി ഡൽഹിയിലായിരിക്കെ ഫോണിൽ അറിയിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

കൊല്ലം,കോഴിക്കോട്,പാലക്കാട്,പത്തനംതിട്ട,കണ്ണൂർ,ആലപ്പുഴ ജില്ലകളിലാണ് പുതിയ കളക്ടർമാരെ നിയമിച്ചത്. തിങ്കളാഴ്ച രാവിലെ തന്നെ പുതിയ ജില്ലകളിൽ ചുമതലയേൽക്കണമെന്ന കർശനവ്യവസ്ഥയോടെയാണ് ഇന്നലെ വൈകിട്ട് ഉത്തരവിറക്കിയത്.

ജില്ലാകളക്ടർമാരെ മാറ്റുമ്പോൾ റവന്യൂമന്ത്രിയുടെ അംഗീകാരം വേണമെന്നാണ് വ്യവസ്ഥ.റവന്യൂമന്ത്രി എ.പി.അനിൽകുമാറിനെ പക്ഷേ, അറിയിച്ചിരുന്നില്ല.വ്യവസായവകുപ്പിൽ രണ്ടുപേരേയും ജലവിഭവവകുപ്പിൽ വാട്ടർ അതോറിറ്റി എം.ഡിയെയും നിയമിച്ചത് വകുപ്പ് മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും മോൻസ് ജോസഫും അറിഞ്ഞില്ല.കൊല്ലം ജില്ലാകളക്ടറായി അനഭിമതയായ ഉദ്യോഗസ്ഥയെ നിയമിച്ചതിൽ മന്ത്രി ഷിബു ബേബിജോണും എതിർപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കറെ നിയമിച്ചതിലും ഘടകകക്ഷി നേതാക്കൾ ആക്ഷേപമുയർത്തിയിട്ടുണ്ട്. എസ്.ഐ.ആർ.വോട്ടർപട്ടിക പരിഷ്ക്കരണത്തിന് നേതൃത്വം നൽകുകയും യു.ഡി.എഫ് ഉന്നയിച്ച ആവശ്യങ്ങൾ നിരസിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കേൽക്കർ.

മാറിയ കളക്ടർമാരും

മറ്റ് ഉദ്യോഗസ്ഥരും

 ഗതാഗതവകുപ്പ് സെക്രട്ടറിയായിരുന്ന പി.ബി.നൂഹിനെ ജി.എസ്.ടി.കമ്മിഷണറായും ജി.എസ്.ടി.കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പിൽ റിസോഴ്സ് സെക്രട്ടറിയായും മാറ്റി.ഗതാഗതവകുപ്പിൽ പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല.

 കണ്ണൂർ കളക്ടറായി വ്യവസായവകുപ്പിൽ ഡയറക്ടറായിരുന്ന പി.വിഷ്ണുരാജിനെ നിയമിച്ചു. കളക്ടറായിരുന്ന അരുൺ.കെ.വിജയനെ വ്യവസായവകുപ്പ് ഡയറക്ടറാക്കി.

 പത്തനംതിട്ട കളക്ടറായി കില ഡയറക്ടറായിരുന്ന എ.നിസാമുദീനെ നിയമിച്ചു.കൊല്ലം കളക്ടറായിരുന്ന എൻ.ദേവീദാസാണ് പുതിയ കില ഡയറക്ടർ. പത്തനംതിട്ട ജില്ലാകളക്ടറായിരുന്ന എസ്.പ്രേംകൃഷ്ണനെ ആരോഗ്യകുടുംബ ക്ഷേമവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി സ്ഥലംമാറ്റി.

 കൊല്ലം കളക്ടറായി വ്യവസായ വകുപ്പിൽ ജോയന്റ് സെക്രട്ടറിയായിരുന്ന ആനി ജൂല തോമസിനെ നിയമിച്ചു.

 പാലക്കാട് കളക്ടറായി കോളേജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ പദവി വഹിച്ചിരുന്ന കെ.സുധീറിനെ നിയമിച്ചു.

 കോഴിക്കോട് കളക്ടറായി പാലക്കാട് കളക്ടറായിരുന്ന എം.എസ്.മാധവിക്കുട്ടിയെ നിയമിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സ്നേഹിൽ കുമാറിനെ കോളേജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറായും മാറ്റി.

 ആലപ്പുഴ കളക്ടറായി കൊച്ചി സ്മാർട്ട്മിഷൻ സി.ഇ.ഒ.ആയ ഷാജി വി.നായരെ നിയമിച്ചു. ആലപ്പുഴയിൽ കളക്ടറായിരുന്ന കെ.ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എം.ഡി.യാക്കി.

 കൊച്ചി സ്മാർട്ട് മിഷൻ സി.ഇ.ഒ.ആയി എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണറായ അരുൺ എസ്.നായരെ നിയമിച്ചു.

ആലപ്പുഴ സബ് കളക്ടറായ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA