
തൃശൂർ: ഇടഞ്ഞോടിയ കൊമ്പന്റെ മുന്നിൽ കാറിൽപ്പെട്ട് വീട്ടമ്മ. കാർ കൊമ്പിൽ കോർത്ത് പലവട്ടമുയർത്തി. തലകീഴായി മറിച്ചു. മരണം ഉറപ്പിച്ച നിമിഷങ്ങൾ... ആയുസിന്റെ ബലം. ആന പിന്തിരിഞ്ഞതു കൊണ്ടുമാത്രം തിരിച്ചുകിട്ടിയ ജീവൻ. തൊട്ടുപിന്നാലെ സ്കൂട്ടിയിൽ വന്ന മകൾ രക്ഷപ്പെട്ടതും തലനാരിഴയ്ക്ക്. നാൽപ്പതുകാരി സംഗീത ആ നിമിഷങ്ങൾ പങ്കുവയ്ക്കുമ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. ഫോട്ടോഷൂട്ടിനും ക്ഷേത്രച്ചടങ്ങിനുമായി എത്തിച്ചതാണ് ആനയെ.
തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെ ആനയായ ശിവംലക്ഷ്മി അയ്യപ്പനാണ് ഇന്നലെ രാവിലെ തൃശൂർ നഗരത്തെ രണ്ടുമണിക്കൂർ വിറപ്പിച്ചത്. തേക്കിൻകാട് മൈതാനത്തു നിന്ന് ഓടിയ ആന രണ്ടരക്കിലോമീറ്ററകലെ വിയ്യൂർ പെരിങ്ങാവിലെ ഗാന്ധിനഗറിലെത്തി. ഇടറോഡിലൂടെ പായുമ്പോഴാണ് സംഗീത കാറോടിച്ച് എത്തിയത്. ആന വിരണ്ടു വരുന്നെന്ന് വഴിയിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. വളവിൽ കാർ പിന്നിലേക്കെടുക്കാൻ കഴിയുമായിരുന്നില്ല. ഹോൺ മുഴക്കി മകൾക്ക് മുന്നറിയിപ്പ് കൊടുത്തെങ്കിലും കാര്യം മനസിലായില്ല. അപ്പോഴേക്കും കാർ കുത്തി ഉയർത്തിക്കഴിഞ്ഞിരുന്നു. ആന അകലേക്ക് മാറിയതോടെ നാട്ടുകാരെത്തി തലകീഴായിക്കിടന്ന കാറിൽ നിന്നു പുറത്തിറക്കി. ക്ഷതമേറ്റതല്ലാതെ മുറിവൊന്നും പറ്റിയില്ല. കാർ പൂർണമായും തകർന്നു.
ചെറുതുരുത്തി മുണ്ടയ്ക്കൽ സ്വദേശി സംഗീത കിഴക്കുംപാട്ടുകര 'ജുവൽ റോക്‌സ്സിലെ" ജീവനക്കാരിയാണ്. സ്ഥാപനത്തിലേക്ക് പോവുകയായിരുന്നു. മകൾ ശ്രുതി (21) സി.എയ്ക്ക് തയ്യാറെടുക്കുകയാണ്. വിയ്യൂരിൽ വാടകവീട്ടിലാണ് താമസം.
3 കാറും 5 സ്‌കൂട്ടറും
തകർത്തു
പാറമേക്കാവിൽ തൊഴീച്ചശേഷം ആന തേക്കിൻകാട് മൈതാനത്തെത്തിയതോടെ വിരണ്ടോടി. മൂന്ന് കാറുകളും അഞ്ചു സ്‌കൂട്ടറുകളും തകർത്തു. അഞ്ചു വീടുകളുടെ ചുറ്റുമതിലും ടൗൺഹാളിന്റെ മുൻഭാഗവും പൊളിച്ചു. പരാക്രമത്തിനിടെ ആനയുടെ ചെവിക്കും നെറ്റിക്കും മുറിവേറ്റു. ഒടുവിൽ ഒരു വീടിന്റെ പിന്നിൽ നിലയുറപ്പിച്ചപ്പോഴാണ് തളച്ചത്.
ജീവൻ തിരിച്ചുകിട്ടുമെന്ന് കരുതിയില്ല.
-സംഗീത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |