ആലപ്പുഴ: മത്സ്യതൊഴിലാളികൾക്കും രണ്ടാംകൃഷിക്ക് പാടമൊരുക്കുന്ന കർഷകർക്കും ആശ്വാസമായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു. ഇന്നലെ യന്ത്രസഹായത്തോടെ ബണ്ടിന്റെ കിഴക്കുവശത്തെ 10 ഷട്ടറുകളാണ് തുറന്നത്. ബാക്കിയുള്ളത് അടുത്തഘട്ടങ്ങളിലായി തുറക്കും. ഷട്ടർ അടച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി കക്കവാരലും മീൻ പിടിത്തവുമില്ലാതെ പട്ടിണിയിലായ മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും രണ്ടാംകൃഷിക്കായി പാടം ഒരുക്കിയ കുട്ടനാട്ടിലെ കർഷകർക്കും ഇത് പ്രയോജനം ചെയ്യും.
കുട്ടനാട്ടിലടക്കം നെൽകൃഷിയുടെ വിളവെടുപ്പ് ഏതാണ്ട് പൂർത്തിയായെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് വൈകുന്നതാണ് ഷട്ടർ തുറക്കാനുള്ള തീരുമാനം നീളാനിടയാക്കിയത്. മലിനീകരണം മൂലം മത്സ്യങ്ങളും ചെമ്മീനുമൊക്കെ കിട്ടാത്തതിനാൽ വേമ്പനാട്ടുകായലോരങ്ങളിലെ നൂറ് കണക്കിന് ചീനവലകൾക്കും പ്രവർത്തിക്കാനാവാത്ത സ്ഥിതിയായിരുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ നിർമാണാവശ്യത്തിനായി നടക്കുന്ന അനിയന്ത്രിതമായ മണൽ ഖനനവും മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയായിട്ട് മാസങ്ങളേറെയായി. കൊയ്ത്ത് പൂർത്തിയായ പാടങ്ങളിൽ ഉപ്പുകലർന്ന ഓരുവെള്ളം നിറയുന്നത് കളകൾ കിളിർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. മണ്ണിന്റെ പുളിപ്പ് മാറുന്നതിനും ഉപ്പുവെള്ളം ഉപകരിക്കും. കാലവർഷകാലത്ത് മഴവെള്ളം നിറയുന്നതോടെ ഇത് തോട്ടിലേക്ക് ഒഴുകി മാറുകയും പാടങ്ങൾ കൃഷിക്ക് സജ്ജമാകുകയും ചെയ്യും.
പാടങ്ങളിലെ കളകൾ നശിക്കും
തണ്ണീർമുക്കം ബണ്ടിൽ നിലവിൽ 90 ഷട്ടറുകളും നാല് നാവിഗേഷൻ ലോക്കുമാണ് യന്ത്രസഹായത്തോടെ പൂർണമായും തുറക്കേണ്ടത്.
കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ഷട്ടർ ഡിസംബർ 15ന് അടക്കുകയും മാർച്ച് 15ന് തുറക്കുകയുമാണ് വേണ്ടത്
ഇത്തവണ രണ്ടാംകൃഷിയുടെ വിളവെടുപ്പും പുഞ്ചകൃഷിയും വൈകിയതിനാലാണ് ബണ്ട് തുറക്കൽ നീണ്ടത്
പാടശേഖരങ്ങളിൽ ഓരുജലഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ അടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |