
ആലപ്പുഴ: കയറിന്റെ നാട്ടിൽ നിന്ന് തന്നെ കയർ മന്ത്രിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ആലപ്പുഴ.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കയർ
വകുപ്പ് കൂടി ചോദിച്ച് വാങ്ങിയത് മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇടിഞ്ഞുപോയ വിപണിയെ കൈപിടിച്ചുയർത്താൻ ജി.സുധാകരൻ കയർ മന്ത്രിയായിരിക്കേ ആവിഷ്ക്കരിച്ചിരുന്ന 'ഒരു വീട്ടിൽ ഒരു കയർ ഉത്പ്പന്നം' പോലുള്ള ക്യാമ്പയിനുകൾ തിരികെ കൊണ്ടുവരണമെന്നും കയർ ദിനാചരണം പുനരാരംഭിക്കണമെന്നും പരമ്പരാഗത ചകിരി തടുക്ക് ഉത്പന്നങ്ങൾക്ക് ഓർഡർ ക്ഷാമം പരിഹരിക്കണമെന്നുമാണ് സംഘങ്ങളുടെ പ്രധാന ആവശ്യങ്ങൾ. ബഡ്ജറ്റുകളിൽ അനുവദിക്കുന്ന തുകയിൽ വലിയൊരു ശതമാനവും താഴെത്തട്ടിലേക്ക് എത്താത്തതിന് കാരണം കയർമേഖലയിലെ വൻകിട ഗവേഷണ സ്ഥാപനങ്ങളാണെന്ന് ചെറുകിട കയർ സംരംഭകർ പരാതിപ്പെടുന്നു. ഇത്തരം ചെലവ് ചുരുക്കി, ആഭ്യന്തര, വിദേശ വിപണി ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുന്ന തരത്തിലേക്ക് മാറ്റം വരുത്തണമെന്നതാണ് സംരംഭകരുടെ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ വിപണന സാധ്യതകൾ കണ്ടെത്തിയിരുന്ന കയർ കേരള പോലുള്ള എക്സ്പോകൾ നിലച്ചുപോയിട്ട് വർഷങ്ങളായി.
മറികടക്കാൻ മാർഗമുണ്ട്
#പരമ്പരാഗത കയർ ഉൽപ്പന്നങ്ങൾക്ക് പുറമേ, വിപണിയിൽ ആവശ്യക്കാരുള്ള പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കണം
#ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത രീതികളിൽ നിന്ന് ആധുനിക യന്ത്രങ്ങളിലേക്ക് മാറേണ്ടതുണ്ട്
# അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരമുള്ള ചകിരി സബ്‌സിഡി നിരക്കിൽ സംഭരിച്ച് സംഘങ്ങൾക്ക് നൽകി, പ്രവർത്തന മൂലധനക്ഷാമം പരിഹരിക്കണം
# കയർഫെഡ് പോലുള്ള ഏജൻസികൾ വഴി ആഭ്യന്തര, വിദേശ വിപണികളിൽ കയർ ഉൽപ്പന്നങ്ങൾ കൂടുതൽ കാര്യക്ഷമമായി വിറ്റഴിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം
#തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കുകയും സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വേണം
#പുതിയ ഡിസൈനുകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് ഗവേഷണ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകണം
കൂലി പരിഷ്ക്കരിക്കണം
കയർപിരി മേഖലയിൽ നിന്ന് തൊഴിലാളികളുടെ വൻ കൊഴിഞ്ഞുപോക്കാണ് പതിറ്റാണ്ടിനിടെ സംഭവിച്ചത്. 2010ൽ അടൂർ പ്രകാശ് കയർ മന്ത്രിയായിരിക്കേ ഏർപ്പെടുത്തിയ അതേ കൂലിയാണ് ഇപ്പോഴും നൽകിവരുന്നത്. കൂലി പരിഷ്ക്കരിച്ച്, കയർ പിരിയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പരമ്പരാഗത മേഖലയെ തിരികെപ്പിടിക്കാൻ സഹായകമാകും.
മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘടനകൾക്ക് ലഭിക്കാനുള്ള 70 കോടിയുടെ കുടിശിക തീർപ്പാക്കണം. ആഭ്യന്തര, വിദേശ വിപണി കണ്ടെത്താനുള്ള നൂതന ഇടപെടലുകളാണ പുതിയ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്
- എം.അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കയർ ഗുഡ്സ് പ്രൊഡ്യുസേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |