SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.21 PM IST

​പച്ചക്കറി, പലചരക്ക് പൊള്ളുന്ന ചൂടിൽ പുകയുന്ന വില

Increase Font Size Decrease Font Size Print Page

അടുക്കളകൾ പ്രതിസന്ധിയിലേക്ക്

​കൊല്ലം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ പച്ചക്കറി, പലചരക്ക് കടകളി​ലേക്ക് വി​ല ഇരച്ചു കയറുന്നു. കുടുംബ ബഡ്ജറ്റുകൾക്ക് ഇരട്ടി പ്രഹരമേൽപ്പിച്ചുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഒരാഴ്ചയ്ക്കിടെ കുതിച്ചുയർന്നത്. ഇന്ധന പ്രതിസന്ധിയും ചരക്കുനീക്കത്തിലെ കുറവും വിപണിയെ വരിഞ്ഞുമുറുക്കുകയാണ്.

​കുറച്ചു ദിവസങ്ങളായി പലചരക്ക് വിപണിയിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായത് മല്ലി, മുളക് ഇനങ്ങൾക്കാണ്. ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ മല്ലി വില കിലോയ്ക്ക് 160 രൂപയിലെത്തി. മുളകിന്റെ വിളവെടുപ്പ് സീസൺ അവസാനിച്ചതും സ്റ്റോക്കിലെ കുറവുമാണ് മുളക് വിപണിയെ ബാധിച്ചത്. സാധാരണ മുളകിന് 260 രൂപയും പിരിയൻ മുളകിന് 390 രൂപയുമാണ് നിലവിലെ നിരക്ക്. കാശ്മീരി മുളക് കിലോയ്ക്ക് 650 രൂപയി​ലെത്തി​.

​നിത്യേന ഉപയോഗിക്കുന്ന വിവിധയിനം അരികൾക്കും നേരിയ തോതിൽ വില കൂടിയിട്ടുണ്ട്. ആന്ധ്ര അരി ഇനങ്ങൾ കി​ലോയ്ക്ക് 41.50 മുതൽ 46.50 വരെയാണ് ഇപ്പോഴത്തെ വില. വടി അരി (51 രൂപ), ജയ അരി (45.50 രൂപ), ഉണ്ട അരി (45 രൂപ) എന്നിങ്ങനെയാണ് വിപണിയിലെ മറ്റു നിരക്കുകൾ. പഞ്ചസാര, ഉള്ളി എന്നിവയ്ക്കും നേരിയ തോതിൽ വില വർദ്ധനവുണ്ട്.

പാചകവാതകമി​ല്ല, വിറകും

സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതകത്തിന്റെ ലഭ്യതക്കുറവും ജനങ്ങളെ വലയ്ക്കുന്നു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് വിറക് അടുപ്പുകളെ ആശ്രയിക്കുന്നവർക്ക് വിറകിന്റെ വർദ്ധിച്ച വില വലിയ ബാദ്ധ്യതയാകുകയാണ്.

വില ഇനിയും കൂടും

​ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മല്ലി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. വരും ദിവസങ്ങളിലും വിപണിയിലെ ഈ സാഹചര്യം തുടർന്നാൽ വില ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുക്കളകൾ അടച്ചി​ടേണ്ട അവസ്ഥയുണ്ടാവും!

വിപണിയിലെ ഈ ആഴ്ച (കിലോ)

 ​മല്ലി: ₹160

 ​മുളക്: ₹260

​ പിരിയൻ മുളക്: ₹390

​ കാശ്മീരി മുളക്: ₹650

​ വടി അരി: ₹51

​ ഉണ്ട അരി: ₹45

 ​ഉള്ളി: ₹40

 ​പഞ്ചസാര: ₹43.50

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ