SignIn
Kerala Kaumudi Online
Sunday, 24 May 2026 4.05 AM IST

ബി.ജെ.പിക്ക് രണ്ടാംസ്ഥാനം പോലും കിട്ടില്ല: മുഖ്യമന്ത്രി

pinarayi-viajayan

ചേർത്തല: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീ​റ്റിലും ബി.ജെ.പിക്ക് രണ്ടാംസ്ഥാനംപോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ സമ്പൂർണ പരാജയമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നത്. കേരളത്തിൽ സംഘപരിവാറിനെ കാലുകുത്താൻ അനുവദിക്കില്ല. 2016ൽ കോൺഗ്രസ് സ്വന്തം വോട്ട് ദാനം ചെയ്താണ് ബി.ജെ.പിയെ നിയമസഭയിൽ എത്തിച്ചത്. നാല്‌ വോട്ടിന്‌ വേണ്ടി രാഷ്ട്രീയ നിലപാട് മാ​റ്റുന്നവരല്ല ഇടതുപക്ഷം.

പൗരത്വനിയമ ഭേദഗതിയിൽ കോൺഗ്രസിന്റേത് കു​റ്റകരമായ മൗനമാണ്. സംഘപരിവാർ അജണ്ടയോട്‌ അവർ സമരസപ്പെടുന്നു എന്നതിന് തെളിവാണിത്. കോൺഗ്രസ് പ്രകടനപത്രിക തീവ്രഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ കാണുന്നില്ല. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ആരോപണം അസംബന്ധമാണ്. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗത്വ കാലാവധി പൂർത്തിയാക്കാൻ ജനങ്ങൾ അവസരം നൽകും.

പാനൂർ സ്ഫോടനം:

ശക്തമായ നടപടി

പാനൂരിൽ ബോംബ് നിർമ്മാണം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടോ എന്നതിനെക്കുറിച്ച് അറിയില്ല. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും. സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിൽ ആർക്കെതിരെ തങ്ങൾ കലാപാഹ്വാനം നടത്താനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കോഴിക്കോട് മെഡി.കോളേജ് സംഭവം:

ഹൈക്കോടതിയെ ധരിപ്പിക്കും

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരി സമരം നടത്തിയ സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിക്കുമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. സംഭവിക്കാൻ പാടില്ലാത്തതാണ് അവിടെ നടന്നത്. പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കും. വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA