SignIn
Kerala Kaumudi Online
Saturday, 26 April 2025 7.55 PM IST

ട്രംപിന്റെ കാലം; പ്രതീക്ഷകളും ആശങ്കകളും

Increase Font Size Decrease Font Size Print Page
modi

വാഷിംഗ്‌ടൺ: യുഎസിന്റെ പ്രസിഡന്റ് പദവിയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അഭിഷിക്തനായപ്പോള്‍ ലോകം ഒരേസമയം പ്രതീക്ഷകളോടെയും ആശങ്കകളോടെയുമാണ് ഈ സ്ഥാനാരോഹണത്തെ വീക്ഷിക്കുന്നത്. ഇംപീച്ച്മെന്റുകളും രണ്ട് വധശ്രമങ്ങളും ക്രിമിനല്‍ കുറ്റംചുമത്തലുകളും മറികടന്ന് പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് കൂടുതല്‍ കര്‍ക്കശക്കാരനായി മാറുന്ന കാഴ്ചകളാണ് പദവിയേറ്റ ആദ്യദിനങ്ങളില്‍ തന്നെ ദൃശ്യമാകുന്നത്.


ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ട്രംപിന്റെ കരങ്ങള്‍ക്ക് ശക്തികൂടുകയും അത് തീരുമാനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. പൊതുവേ അപ്രവചനീയനായ ഒരു രാഷ്ട്രീയ നേതാവായാണ് ട്രംപ് വിലയിരുത്തപ്പെടുന്നത്. യുദ്ധങ്ങളോട് അത്ര താല്പര്യമുള്ള ഭരണാധിപനല്ലായെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. ഗാസയിലെ യുദ്ധവിരാമത്തില്‍ ട്രംപിന്റെ സ്വാധീനം വ്യക്തമാണ്.

അതുപോലെ റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ നീക്കങ്ങളും വിജയം കണ്ടേക്കും. റഷ്യയോട് പറയത്തക്ക വിപ്രതിപത്തിയില്ലാത്ത ട്രംപിനെ അനുസരിക്കാന്‍ ഇപ്പോള്‍ പൊരുതി തളര്‍ന്നിരിക്കുന്ന റഷ്യ തയ്യാറായേക്കും എന്നാണ് അനുമാനങ്ങൾ. അമേരിക്കയെ വീണ്ടും ഒരു മഹത്തായ രാജ്യമാക്കുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ട്രംപ് രണ്ടാമതും ഭരണത്തിലെത്തിയത്. യുഎസ് എന്ന ആശയം അപകടത്തിലാണെന്ന് ട്രംപ് വോട്ടര്‍മാരെ വിശ്വസിപ്പിച്ചു. ഇതോടെ അമ്പതുലക്ഷം ജനകീയ വോട്ടുകളുടെ മേല്‍ക്കൈയാണ് ട്രംപിന് ലഭിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് ലഭിച്ചതിനാല്‍ അമേരിക്കയില്‍ വെള്ളക്കാരുടെ ആധിപത്യം സ്ഥാപിക്കൽ ശ്രമം ഇനി നടക്കില്ല. കറുത്ത വംശജരുടെയും സ്പാനിഷ് ജനതയുടെയും എല്ലാം താല്പര്യങ്ങളും സംരക്ഷിക്കാന്‍ ട്രംപ് ഇനി ബാദ്ധ്യസ്ഥനാണ്. ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്തുന്ന രാഷ്ട്രം ഇന്ത്യയാണ്. യുഎസിന് ചൈനയോടുള്ള താല്പര്യമില്ലായ്മയും ഇന്ത്യ- ചൈന അകല്‍ച്ചയും പരിഗണിക്കുമ്പോള്‍ ഏഷ്യയില്‍ ട്രംപിന്റെ കണ്ണ് പതിയുക ഇന്ത്യയിലേക്കാകുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു.

എച്ച് വണ്‍ ബി വിസയുടെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള അഭിപ്രായ വ്യത്യാസം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാര്യക്ഷമതാവകുപ്പ് കൈകാര്യം ചെയ്യുന്ന ഇലോണ്‍ മസ്ക് നൈപുണ്യ വിസ നല്‍കുന്നത് കൂട്ടണമെന്നും കൂടുതല്‍ സാങ്കേതിക ജ്ഞാനമുളളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കണമെന്നും അഭിപ്രായമുള്ളയാളാണ്. ഇലോണ്‍ മസ്ക്കിന്റെ ഈ നയസമീപനം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യ വ്യാപാര കാര്യങ്ങളില്‍ സഹകരിക്കുന്നില്ല എന്ന അഭിപ്രായം ട്രംപിന് ഉണ്ടെങ്കിലും ചൈനയെയും കാനഡയെയും ഇറക്കുമതി കരം കൂട്ടി സമ്മദര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് പരോക്ഷമായി ഗുണകരമായേക്കും.

ചൈന എഐ ഡീപ് സീക്ക് അവതരിപ്പിച്ചതോടെ ഈ രംഗത്ത് അമേരിക്കയ്‌ക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടായിരിക്കുന്നത്. ചൈനയുടെ മുന്നേറ്റങ്ങൾ സങ്കേതിക വ്യാവസായിക മേഖലയിൽ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ അമേരിക്ക ശ്രമിക്കുമ്പോൾ പരിഗണനകൾ ഇന്ത്യക്കാകാനാണ് സാദ്ധ്യത. മാത്രമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ച ഇന്ത്യ- യുഎസ് ബന്ധത്തെ കൂടുതൽ ശക്തമാക്കും. ഭീകര- തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രംപിന്റെ നീക്കങ്ങള്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും നടക്കുന്ന ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പായി മാറും.

മാത്രമല്ല ബംഗ്ലാദേശിനെതിരെ ഉപരോധങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപിന്റെ കോര്‍ ടീമില്‍ ഇന്ത്യന്‍ ബന്ധങ്ങളുള്ള ജെഡി വാന്‍സ്, വിവേക് രാമസ്വാമി, കാഷ് പട്ടേല്‍ എന്നിവരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് പ്രത്യാശിക്കാം. യുഎസില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനായി സിറിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മുസ്ലിം അഭയാര്‍ത്ഥികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ട്രംപ്.


അധികാരമേറ്റയുടന്‍ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകള്‍ അമേരിക്കയിലും ലോകരാഷ്ട്രങ്ങള്‍ക്കിടയിലും വിവാദവും ചര്‍ച്ചയും ആയി കഴിഞ്ഞു. നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ യു.എസ്- മെക്സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനം, അതിര്‍ത്തിമതില്‍ പണിയല്‍, വിദേശ ഉല്പന്നങ്ങള്‍ക്ക് തീരുവ, ചൈനീസ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ അധിക നികുതി, കാന‍‍ഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം വരെ നികുതി, വ്യവസായിക രംഗത്തെ നിയന്ത്രണം നീക്കല്‍, 2020ല്‍ അഫ്ഗാനില്‍ നിന്ന് യുഎസ് സേനയുടെ പിന്‍മാറ്റത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടല്‍, വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ജോബൈഡന്‍ കൊണ്ടുവന്ന നിയമം റദ്ദാക്കല്‍ തുടങ്ങിയ ഉത്തരവുകള്‍ ഏറെക്കുറെ അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് പറയാം.

പക്ഷേ, ജന്മാവകാശ പൗരത്വം റദ്ദാക്കല്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെയുള്ള നയങ്ങള്‍, കുടിയേറ്റക്കാരുടെ നാടുകടത്തല്‍, പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം, ഫോസില്‍ ഇന്ധന ഉല്പാദനം വര്‍ദ്ധിപ്പിക്കല്‍, മെക്സിക്കോ ഉള്‍ക്കടലിനെ അമേരിക്കാന്‍ ഉള്‍ക്കടലാക്കും എന്ന പ്രഖ്യാപനം, ലോകാരോഗ്യസംഘടനയില്‍ നിന്ന് ഒഴിവാകാനുള്ള തീരുമാനം തുടങ്ങിയ ഉത്തരവുകള്‍ അമേരിക്കിയില്‍ മാത്രമായിരിക്കില്ല പ്രതിഫലനം സൃഷ്ടിക്കുക. ട്രംപിന്റെ ഈ തീരുമാനങ്ങള്‍ അന്തര്‍ദ്ദേശീയതലത്തില്‍ കടുത്ത ആകുലതകളും മാനവികവും സങ്കീര്‍ണ്ണവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനും വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


ട്രംപ് ഇറക്കിയ ജന്മാവകാശ പൗരത്വം റദ്ദാക്കല്‍ ഉത്തരവിനെതിരെ യു.എസിലെ 22 സംസ്ഥാനങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ട്രംപിന്റെ തീരുമാനം ഭരണഘടനയുടെ ലംഘനമാണെന്ന് കാട്ടിയാണ് സംസ്ഥാനങ്ങള്‍ കേസ് കൊടുത്തിരിക്കുന്നത്. ജന്മാവകാശ പൗരത്വം റദ്ദാക്കിയതിനെതിരെ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും പ്രതിഷേധത്തിലാണ്. പല സംഘടനകളും നിയമപോരാട്ടത്തിനിറങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രജ്ഞ കഴിഞ്ഞ് പറഞ്ഞത് യു.എസിനെ മഹത്തരവും സമ്പന്നവുമാക്കുമെന്നും യു.എസിന്റെ ശക്തി എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്നുമാണ്. ജനാധിപത്യവും മനുഷ്യാവകാശങ്ങളും സമാധാനവും സംരക്ഷിച്ച് അമേരിക്കയെ മാതൃകാ രാഷ്ട്രമായി നിലനിര്‍ത്താന്‍ ട്രംപിന് ആകട്ടെ. അത് ലോകത്തിനും അനുഗുണമാകും.

madhavan-b-nair

* ( ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)

TAGS: NEWS 360, AMERICA, MODI, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.