# ഇറക്കുമതി തീരുവ കുറയ്ക്കില്ല
# അനധികൃത കുടിയേറ്റക്കാരെ
കർശനമായി തിരിച്ചയയ്ക്കും
ന്യൂഡൽഹി: ലോകത്തെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ് 35 അടക്കം ഇന്ത്യയ്ക്ക് നൽകി പ്രതിരോധ ഇടപാടുകൾ അമേരിക്ക വിപുലീകരിക്കും. ഫ്രാൻസിന്റെ റാഫേലിനൊപ്പം എഫ് 35 കൂടിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി ഒന്നുകൂടി വർദ്ധിക്കും. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു 57നോട് കിടപിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ്.
മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ കൈമാറും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ധാരണയായത്. രണ്ടു ദിവസത്തെ യു.എസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി.
അതേസമയം,ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാൻ ട്രംപ് തയ്യാറായില്ല. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ താരിഫ് കുറച്ചാൽ സമാന നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ച് അയയ്ക്കുന്നതിലും മാറ്റമില്ല. 119പേരുമായി രണ്ടാം വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്നാണ് റിപ്പോർട്ട്.
മുംബയ്, പഠാൻകോട്ട് ആക്രമണങ്ങളിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിൽ നിന്ന് പിൻമാറാനും മോദിയും ട്രംപും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
എഫ് 35 ഏറ്റവും കരുത്തൻ
വില 115 ദശലക്ഷം ഡോളർ
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനം
ഏറ്റവും കരുത്തുള്ളത്. വില 115 ദശലക്ഷം ഡോളർ
നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും നൽകി
മണിക്കൂറിൽ 1200 മൈൽ വേഗതയിൽ പറക്കും
8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കും
പ്രതിരോധ സഹകരണം
പ്രതിരോധ സാമഗ്രികളുടെ സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം
അടുത്ത പത്തു വർഷത്തേക്കുള്ള പ്രതിരോധ സഹകരണം
ലോജിസ്റ്റിക്സ് പിന്തുണ, അറ്റകുറ്റപ്പണിയും പരിപാലനവും എന്നിവ മുൻനിറുത്തി പ്രവർത്തനമേഖലയ്ക്ക് ചടക്കൂടുണ്ടാക്കും
പ്രതിരോധം, നിർമിതബുദ്ധി, ചിപ്പ്, ക്വാണ്ടം, ബയോടെക്നോളജി, ഊർജം, അക്കാഡമിക്, സ്വകാര്യ മേഖലകളിൽ സഹകരണത്തിന് യുഎസ്-ഇന്ത്യ ട്രസ്റ്റ്
എ.ഐ വികസനത്തിൽ സാങ്കേതിക സഹായം. ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഐ.എസ്.ആർ.ഒ-നാസ ദൗത്യമായ നിസാർ ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും
ഉഭയകക്ഷി വ്യാപാരം
500 ശതകോടി ഡോളറാക്കും
2030ൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 500 ശതകോടി ഡോളറാക്കാൻ ഉഭയകക്ഷി വ്യാപാര പദ്ധതി- മിഷൻ 500
ഊർജ്ജ മേഖലയിൽ ഏകദേശം 25 ബില്യൺ ഡോളറിന്റെ ഇടപാട്
ഇന്തോ-പസഫിക്കിലെ വ്യവസായ പങ്കാളിത്തവും ഉൽപ്പാദനവും വർദ്ധിപ്പിക്കാനുള്ള ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |