
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടാഴ്ച ശേഷിക്കെ കോഴിക്കോട് ജില്ലയിൽ പുതിയ രാഷ്ട്രീയ വിവാദം. ജെ.ഡി.ടി കോളേജിൽ പേരാമ്പ്ര മണ്ഡലത്തിന്റെ സ്ട്രോംഗ് റൂം തുറന്നതിൽ അട്ടിമറി ആരോപിക്കുകയാണ് യു.ഡി.എഫ്.
പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ അട്ടിമറിജയം നേടുമെന്ന അവരുടെ അവകാശ വാദത്തിനിടെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പേരാമ്പ്രയിൽ യു.ഡി.എഫ് മതം പറഞ്ഞ് വോട്ടു പിടിക്കുന്നുവെന്ന് എൽ.ഡി.എഫ് പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതേ ആരോപണവുമായി മറ്റു ചിലർ യു.ഡി.എഫിനെതിരെയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ചിരുന്നു. ഇരുവരും സംഭവം നിഷേധിക്കുകയും ചെയ്തു.
ജെ.ഡി.ടി കോളേജിലെ സ്ട്രോംഗ് റൂമുകളുടെ സി.സി.ടി.വി ദൃശ്യം യു.ഡി.എഫ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്നലെ ദൃശ്യത്തിലെ ആദ്യവരിയിലെ ഒരു മുറി തുറന്ന് പൊലീസടക്കം അഞ്ചിലധികം ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് കണ്ടത്. ഇതോടെയാണ് യു.ഡി.എഫ് രംഗത്തെത്തിയത്.
സ്ട്രോംഗ് റൂമല്ല, തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കിയെങ്കിലും യു.ഡി.എഫ് അട്ടിമറി ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്.10 മിനിറ്റിലധികം ഉദ്യോഗസ്ഥർ മുറിയിൽ ചെലവഴിച്ചതായാണ് ദൃശ്യങ്ങളിലുള്ളത്. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.പ്രവീൺകുമാർ, ഫെെസൽ ബാബു, എം.എ റസാക്ക്, ഫാത്തിമ തെഹ്ലിയ എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസറോട് ഡപ്യൂട്ടി കളക്ടർ വിശദീകരണം തേടി.
സ്ഥാനാർത്ഥിയെ തടഞ്ഞെന്ന് ആക്ഷേപം
കോഴിക്കോട്: ജെ.ഡി.റ്റി കോളജിലെത്തിയ പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയെ ഉദ്യോഗസ്ഥർ മെറ്റീരിയൽ റൂമിലേക്ക് കടത്തിവിട്ടില്ലെന്ന് ആക്ഷേപം. റൂം തുറക്കാൻ തിടുക്കം കാട്ടിയെന്നും ഫാത്തിമ തഹലിയ,ഇലക്ഷൻ ഏജന്റ് കല്ലൂർ മുഹമ്മദലി, കെ.ബാല നാരായണൻ എന്നിവർ ആരോപിച്ചു.
അതേ സമയം, പേരാമ്പ്രയിലെ മെറ്റീരിയൽ റൂം കോഴിക്കോട് സൗത്ത് സ്ട്രോംഗ് റൂം എന്നാണ് പുറത്ത് ഡിസ്പ്ലേ ചെയ്ത മോണിറ്ററിൽ കാണിച്ചിരുന്നത്. നിരീക്ഷിച്ചു കൊണ്ടിരുന്ന യു.ഡി.എഫ് ടീം ഈ സംഭവം യു.ഡി.എഫ് നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തി.
പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ സാന്നിദ്ധ്യത്തിൽ ജെ ഡി റ്റിയിലെ മറ്റു മണ്ഡലങ്ങളുടെയും സ്ട്രോംഗ് റൂം പരിസരങ്ങൾ പരിശോധിച്ച് ആശങ്കകൾ ഡെപ്യൂട്ടി കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. ഒപ്പം സ്ട്രോംഗ് റൂം സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
മുറി തുറക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം ആവശ്യപ്പെടണമെന്ന് ഞാൻ പറഞ്ഞു. ഇന്നലെ രാവിലെ 11ന് ശേഷമാണ് ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇ മെയിൽ കിട്ടിയത്. എന്തിന് തുറക്കുന്നുവെന്ന് പറഞ്ഞിരുന്നില്ല. തുറക്കാൻ പോവുകയാണെന്ന് തന്റെ പോളിംഗ് ഏജന്റ് അറിയിച്ചപ്പോൾ ഉടൻ സ്ഥലത്തെത്തി. മുറിയിൽ കയറ്റിയില്ല. മറ്റൊരു പോളിംഗ് ഏജന്റുമുണ്ടായിരുന്നു. പാർട്ടി അറിയില്ല.
-ഫാത്തിമ തെഹ്ലിയ
യു.ഡി.എഫ് സ്ഥാനാർത്ഥി
പേരാമ്പ്ര
അട്ടിമറി ശ്രമമാണ് ഇതിനു പിന്നിൽ. സ്ട്രോംഗ് റൂം പരിസരത്ത് സ്പെയർ റൂം വയ്ക്കാറില്ല. സോഫ്ട് വെയർ അപ്ഡേഷൻ എന്തുകൊണ്ട് പേരാമ്പ്ര മണ്ഡലത്തിൽ മാത്രം വന്നു?
-കെ. പ്രവീൺകുമാർ
ഡി.സി.സി പ്രസിഡന്റ്
സ്ട്രോംഗ് റൂം തുറക്കുന്നത് വോട്ടെണ്ണൽ ദിവസം മാത്രമാണ്. അതുതന്നെ ചീഫ് പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ. അതിന് മുമ്പ് ഒരു കാരണവശാലും തുറക്കുന്നത് ചട്ടവിരുദ്ധമാണ്.
-എം.കെ രാഘവൻ എം.പി
പ്രിസെെഡിംഗ് ഓഫീസറുടെ ഡയറിയെടുക്കാൻ മറന്നുവെന്നാണ് പറയുന്നത്. ഇത്ര ദിവസവും ഓർമ്മവന്നില്ലേ? സംഭവത്തിൽ ദുരൂഹതയുണ്ട്.
-എം.എ റസാക്ക്
ലീഗ് ജില്ല പ്രസിഡന്റ്
പരാജയ ഭീതിയിലാണ് യു.ഡി.എഫ് അട്ടിമറി ആരോപിക്കുന്നത്. മുൻകൂർ ജാമ്യമെടുക്കലാണിത്.
-മുക്കം മുഹമ്മദ്
എൽ.ഡി.എഫ് ജില്ല കൺവീനർ
സോഫ്ട് വെയറിൽ ചേർത്ത വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കണമായിരുന്നു. തുടർനടപടികൾക്കായി പ്രിസെെഡിംഗ് ഓഫീസറുടെ തിരഞ്ഞെടുപ്പ് ഡയറിയുടെ കോപ്പി ആവശ്യമാണ്. കൂടുതൽ ജാഗ്രത കാണിക്കുകയാണുണ്ടായത്.
-സി.വിനോദ് കുമാർ
റിട്ടേണിംഗ് ഓഫീസർ, പേരാമ്പ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |