SignIn
Kerala Kaumudi Online
Monday, 25 May 2026 5.35 AM IST

നേരിട്ട് ഒരു നോക്ക് കാണാനായില്ല; വിലങ്ങുതടിയായത് എച്ച്1ബി വിസാനിയമം, അമ്മയുടെ മരണത്തിന് നാട്ടിലെത്താൻ കഴിയാതെ പ്രവാസി

ai-image
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ/ന്യൂഡൽഹി: എച്ച് വൺ‌-ബി വിസയുമായി ബന്ധപ്പെട്ട നൂലാമാലകളെ തുടർന്ന് അമ്മയുടെ മരണത്തിന് നാട്ടിലെത്താൻ കഴിയാതെ അമേരിക്കൻ പ്രവാസി. സോഫ്റ്റ്‌വെയർ എൻജിനീയറായ ഗൗതമിനാണ് ദുരനുഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ലിങ്ക്‌ഡിന്നിൽ പങ്കുവച്ച കുറിപ്പും ചർച്ചയായി. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായല്ല, മറിച്ച് തീരാവേദന അനുഭവിക്കുന്ന മകനായാണ് താൻ ഇത് എഴുതുന്നതെന്ന ആമുഖത്തോടെയാണ് ഗൗതം തന്റെ കുറിപ്പ് പങ്കുവച്ചത്.

'ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന നിലയിലല്ല ഞാൻ സംസാരിക്കുന്നത് , മറിച്ച് തീരാവേദന അനുഭവിക്കുന്ന ഒരു മകനായാണ് ഞാനിന്ന് ഇത് എഴുതുന്നത്. എന്റെ അമ്മയ്ക്ക് ലംഗ്‌സ് ക്യാൻസർ ഫോർത്ത് സ്റ്റേജായിരുന്നു. 17 ദിവസത്തോളം അമ്മ ആശുപത്രിയിൽ മരണത്തോട് മല്ലിട്ടാണ് കിടന്നത്. ആ സമയത്തെങ്കിലും അമ്മയുടെ അരികിലെത്താൻ ഒരു വിസാ സ്റ്റാമ്പിംഗ് അപ്പോയിന്റ്‌മെന്റിനായി ഞാൻ ഒരുപാട് ആഗ്രഹിച്ചു, അതിനുവേണ്ടി കിണഞ്ഞു പരിശ്രമിച്ചു.

മറ്റാരുടെയെങ്കിലും ശമ്പളം കുറയ്ക്കാനോ ജോലി തട്ടിയെടുക്കാനൊന്നുമല്ല ഞാനിവിടെ വന്നത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ കഴിവും വൈദഗ്ധ്യവും കണ്ടാണ് കമ്പനി എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. എന്നിട്ടും, അപ്പോയിന്റ്‌മെന്റില്ലാതെ ഞാൻ നാട്ടിലേക്ക് പോയിരുന്നെങ്കിൽ മാസങ്ങളോളം എനിക്ക് യുഎസിന് പുറത്ത് നിൽക്കേണ്ടി വന്നേനെ. എന്റെ ജോലി നഷ്‌ടമാകുമായിരുന്നു, നിയമപരമായ പദവികളും നഷ്ടപ്പെട്ടേനെ. അതോടൊപ്പം എന്റെ കുടുംബത്തിന്റെ ഭാവിയും അവതാളത്തിലാകുമായിരുന്നു.

ആശുപത്രി രേഖകളെല്ലാം ഞാൻ കോൺസുലേറ്റിലേക്ക് അയച്ചുകൊടുത്തു. അപ്പോയിന്റ്‌മെന്റിനായി 26 ദിവസമാണ് പ്രതീക്ഷയോടെ പ്രാർത്ഥിച്ച് കാത്തിരുന്നത്. പക്ഷേ സമയം എനിക്ക് വേണ്ടി കാത്തുനിന്നില്ല. ഒടുവിൽ അമ്മയെ ഒരു സ്‌ക്രീനിലൂടെ മാത്രം കാണാനേ എനിക്ക് സാധിച്ചുള്ളൂ. ആ ശബ്ദം ഫോണിലൂടെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. എന്റെ ജീവിതകാലം മുഴുവൻ ഈയൊരു വിഷമം വേട്ടയാടിക്കൊണ്ടിരിക്കും.

മരിക്കാൻ കിടക്കുന്ന എന്റെ അമ്മയുടെ കൂടെ ഇരിക്കണോ അതോ മക്കളുടെ ഭാവി സംരക്ഷിക്കണോ എന്ന അസാദ്ധ്യമായ തിരഞ്ഞെടുപ്പിന് ഞാൻ നിർബന്ധിതനായി. ആർക്കും ഇങ്ങനെയൊരു അവസ്ഥ ദൈവം നൽകാതിരിക്കട്ടെ. ഒരു രാജ്യത്തെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ ഒരു പ്രവാസി അനുഭവിക്കുന്ന മാനസിക വേദനയെക്കുറിച്ച് ആരും സംസാരിക്കാറില്ല എന്നതാണ് സത്യം. നമ്മുടെ കുടുംബത്തിന് നമ്മളെ ഏറ്റവും ആവശ്യമുള്ള സമയത്ത്, നമ്മൾ കണ്ട സ്വപ്നങ്ങൾ നമുക്ക് ചുറ്റുമുള്ള ഒരു കൂടായി മാറരുത്. കരിയറിലെ സ്വപ്നങ്ങൾ ഒരിക്കലും സ്വന്തം അമ്മയുടെ അവസാന നിമിഷങ്ങൾക്കും മക്കളുടെ ഭാവിക്കും ഇടയിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ട ഗതികേടിലേക്ക് നിങ്ങളെ എത്തിക്കരുത്. എനിക്ക് ആ തിരഞ്ഞെടുപ്പിൽ പിഴച്ചുപോയി, ആ വേദന എന്നും എന്റെ ഉള്ളിലുണ്ടാകും.'- ഗൗതം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: H1 B VISA, USA, LATESTNEWS, INDIAN TECHIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360