SignIn
Kerala Kaumudi Online
Monday, 25 May 2026 9.30 AM IST

മൂന്ന് ദിവസം അതിശക്ത മഴ,​ പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടൽ

1

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. ഇന്നലെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. ഇത് വരുംദിവസങ്ങളിലും തുടരും.

ഇന്നലെ രണ്ട് മണിക്കൂറിനിടെ പത്തനംതിട്ടയിൽ 210 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇവിടെ ലഘുമേഘവിസ്ഫോടനമുണ്ടായ സാദ്ധ്യതയും വിഗ്ദ്ധർ തള്ളിക്കളയുന്നില്ല. കോഴഞ്ചേരി കൊട്ടതട്ടി മലയിൽ ഉരുൾപ്പൊട്ടി. ചെന്നീർക്കരയിലും ഉരുൾപ്പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. പത്തനംതിട്ട- തിരുവല്ല പാതയിലും, പുനലൂർ- മൂവാറ്റുപ്പുഴ പാതയിലും കോന്നി, വകയാർ, കൂടൽ എന്നീ സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുഴിലിക്കോട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി.

ഇന്നലെ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സന്നിധാനത്തും കാനന മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയിലെ കുമളി- മൂന്നാർ പാതയിൽ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കുമളി തൂക്കുപാലത്തിന് സമീപത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകര, ​നെടുമങ്ങാട് ഭാഗത്തും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു.

അലർട്ടുകൾ ഇന്ന്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ഇന്ന് യെല്ലോ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ‌

പൊന്മുടി അടച്ചു

ശക്തമായ മഴയെ തുടർന്ന് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. മലയോര കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പൊതുജന പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

അതീവ ജാഗ്രത നിർദ്ദേശം

മഴ ശക്തമായാൽ മലയോര മേഖലകളിൽ ഉരുൾപ്പൊട്ടി പെട്ടെന്ന് നദികളിൽ വെള്ളം പൊങ്ങാനിടയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലയ്‌ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA