SignIn
Kerala Kaumudi Online
Monday, 25 May 2026 10.29 AM IST

വില കൂടിയതിന്റെ നേട്ടം കർഷകർക്ക് കിട്ടുന്നില്ല, കാരണം ഒന്നുമാത്രം

rubber

പത്തനംതിട്ട : റബർ ബോർഡ് വികസിപ്പിച്ച പുതിയ റബർ തൈകൾക്ക് ഉദ്പ്പാദനക്ഷമതയില്ലെന്ന് ആക്ഷേപം. വില കൂടിയതിന്റെ നേട്ടം കർഷകർക്ക് കിട്ടുന്നില്ല.

റബർ ബോർഡ് വികസിപ്പിച്ച ആർ.ആർ.ഐ 404, 430 ഇനം തൈകൾക്കാണ് ഉദ്പ്പാദനക്ഷമത കുറഞ്ഞത്. നേരത്തേ കൃഷി ചെയ്തുകൊണ്ടിരുന്ന ആർ.ആർ.ഐ 105 ഇനത്തിന് പകരം വിപണിയിലെത്തിച്ചതാണ് 404. അടുത്തിടെ റബർ വില കൂടിയതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോയത് പുതിയയി​നം മരങ്ങളിൽ കറ കുറഞ്ഞതു കൊണ്ടാണെന്ന് കർഷക സംഘടനകൾ പറയുന്നു. 2010 വരെ 105 ഇനം തൈകളാണ് സംസ്ഥാനത്ത് കൃഷി ചെയ്തിരുന്നത്. ഉദ്പ്പാദനക്ഷമത കൂട്ടാനായി റബർ ബോർഡ് വികസിപ്പിച്ച 404 ഇനം തൈകൾ 2010നു ശേഷമാണ് കൃഷി ചെയ്തത്. തൈകൾ നട്ട് ഏഴ് വർഷങ്ങൾക്കു ശേഷമാണ് ടാപ്പിംഗ് ആരംഭിക്കുന്നത്. പത്ത് വർഷം കഴിയുമ്പോഴേക്കും പൂർണ തോതിൽ ഉദ്പ്പാദനം ലഭിക്കേണ്ടതുണ്ട്. എന്നാൽ, 105 ഇനം മരങ്ങളേക്കാൾ 404ന് കറ കുറവാണെന്ന് കർഷകർ പറയുന്നു.

300 മരങ്ങളിൽ നിന്ന് ലഭിച്ച റബർ

ആർ.ആർ.ഐ 105 : 2500കിലോ

ആർ.ആർ.ഐ 404 : 1200 കിലോ

ജനിതക മാറ്റം വരുത്തിയ തൈകൾ വേണം

ജനിതക മാറ്റം വരുത്തിയ പുതിയ റബർ തൈകൾ റബർ ബോർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉദ്പ്പാദനക്ഷമത കൂടുതലുള്ളതാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. പരിസ്ഥിതിക്ക് നാശമാകുമെന്നാണ് കാരണം പറയുന്നത്. ആസാമിൽ ഇത്തരം തൈകൾ കൃഷി ചെയ്തപ്പോൾ വൻ തോതിൽ ഉദ്പ്പാദനം ലഭിച്ചുവെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നുണ്ട്.

ജനിതക മാറ്റം വരുത്തിയ നല്ല തൈകൾ റബർ ബോർഡ് വികസിപ്പിച്ചിട്ടുണ്ട്. അതിനുള്ള നിരോധനം പിൻവലിച്ച് സംസ്ഥാനത്തും കൃഷി ചെയ്യാൻ അനുവദിക്കണം.

സുരേഷ് കോശി, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FINANCE, RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY