SignIn
Kerala Kaumudi Online
Monday, 25 May 2026 9.14 AM IST

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു; രാവിലെ അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചത് വൈകീട്ട്, ആരോപണവുമായി ബന്ധുക്കൾ

death

കോട്ടയം: വിദേശത്ത് നിന്ന് തിരിച്ചെത്തി വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

യുവാവിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായാണ് ബന്ധുക്കളുടെ ആരോപണം.

മഞ്ജുനാഥിനെ അബോധാവസ്ഥയിൽ കണ്ടയുടൻ വീട്ടുകാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊവിഡ് സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. 21ന് ദുബായിൽ നിന്നെത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റ‌യ്ക്ക് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്ക് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COVID 19, QUARANTINE, PRAVAI, KOTTAYAM, MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA