SignIn
Kerala Kaumudi Online
Saturday, 23 May 2026 6.16 PM IST

ഡെങ്കിപ്പനി പടരുന്നു  ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

തൊടുപുഴ: വേനൽ മഴ കൂടിയതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിച്ചു തുടങ്ങി. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേർ രോഗം സംശയിച്ച് ചികിത്സയിലുണ്ട്. ശാന്തമ്പാറ, കാഞ്ചിയാ‌ർ, ചക്കുപള്ളം മേഖലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി. ജോസഫ് പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.ആർ. ഷെറിൻ ക്ലാസെടുത്തു. വേനൽ മഴ ശക്തമായതോടെ വൈറൽ പനിയും കൂടുന്നുണ്ട്. ഒരു ദിവസം 163 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെയാളാണിത്.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

 പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി

 കടുത്ത തലവേദന

 കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന

 നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ

 ഓക്കാനവും ഛർദ്ദിയും

പ്രതിരോധ മാർഗങ്ങൾ

ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാവും. അതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തണം. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. പനി ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. സ്വയം ചികിത്സ ഒഴിവാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL