
ഡി.ജെ പാർട്ടിക്കിടെ അടിമകളായി, പിന്നീട് വിതരണം
കൊച്ചി: എറണാകുളത്ത് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ഡി.ജെ പാർട്ടികളിൽ പങ്കെടുത്ത് മയക്കുമരുന്നിന് അടിമകളായ രണ്ട് യുവാക്കളെ എൽ.എസ്.ഡി സ്റ്റാമ്പുകളും കഞ്ചാവുമായി കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ഇരുവരും മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്തുന്നതിനായി ലഹരിവിതരണത്തിലേക്ക് തിരിഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം മരങ്ങാട്ട്പിള്ളി വയല തറപ്പിൽ വീട്ടിൽ അമിത് ഗോപീദാസ് (25), തൃക്കാക്കര ചെമ്പുമുക്ക് തൃത്യാൽ വീട്ടിൽ ജെഫ്രി ജെയിംസ് (22) എന്നിവരാണ് പിടിയിലായത്. ഇവർ താമസിക്കുന്ന കാക്കനാട് പള്ളിക്കര റോഡ് മില്ലുപടി ബസ് സ്റ്റോപ്പിന് സമീപം ഡ്രീംവില്ലയിൽ ഇന്നലെ പുലർച്ചെ 1ന് നടത്തിയ പരിശോധനയിലാണ് 50 എൽ.എസ്.ഡി സ്റ്റാമ്പുകളും 63. 538 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. 20 കൊല്ലം വരെ തടവു കിട്ടാവുന്ന കൊമേഴ്സ്യൽ പരിധിയിൽപ്പെട്ട 1.0423 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളിൽ അടങ്ങിയിട്ടുണ്ടെന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ടതാണ് കഞ്ചാവെന്നും ഡാൻസാഫ് സ്ഥിരീകരിച്ചു.
വൈറ്റിലയിൽ ട്രാഫിക് ഡിസൈനിംഗ് കോഴ്സ് വിദ്യാർത്ഥിയാണ് അമിത്. കളമശേരിയിലെ കോളേജിൽ നിന്ന് ലോജിസ്റ്റിക്സിൽ പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ജെഫ്രി. ഇരുവരും ലഹരി സ്റ്റാമ്പുകളും കഞ്ചാവും ഉപയോഗിക്കുന്നവരാണ്. ലഹരി പാർട്ടിയിൽ പരിചയപ്പെട്ട എറണാകുളത്തെ യുവാവാണ് എൽ.എസ്.ഡിയും കഞ്ചാവും എത്തിക്കുന്നത്. നേരിട്ട് കൈമാറാതെ നിശ്ചിത സ്ഥലങ്ങളിൽ എറിഞ്ഞുകൊടുക്കുകയാണ് പതിവ്. പ്രതികളും ഇതേ രീതിയിലാണ് ആവശ്യക്കാർക്ക് നൽകുന്നത്. കൊച്ചി സിറ്റി നാർക്കോട്ടിക്സ് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |