ആലുവ: തുരുത്തുമ്മൽ വീരഭദ്രകാളി ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സൂത്തം പറമ്പിൽ പ്രവീൺ ജേക്കബ് (38), മാറമ്പിള്ളി തെക്കയിൽ വീട്ടിൽ മനാഫ് (52), മാറമ്പിള്ളി ചുള്ളിക്കാട് വീട്ടിൽ ഷിയാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കേസിൽ ഒന്നാം പ്രതിയായ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ ഒളിവിലാണ്. പതിറ്റാണ്ടുകളോളം പഴക്കമുള്ള തുരുത്തിലുള്ള ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കോളാമ്പി അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘമെത്തി ഭീഷണിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തിന് സമീപം താമസമാക്കിയവരാണ് പ്രതികളെ വിളിച്ചുവരുത്തിയതെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ പരാതി.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ ജോസി എം ജോൺസൺ, സജീഷ്, അബ്ദുൾ റഹ്മാൻ എ.എസ്.ഐമാരായ സ്വപ്ന അബ്ദുൽ ജലീൽ സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, ചന്ദ്രകാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഭക്തരുടെ വൻ പ്രതിഷേധം
തുരുത്തുമ്മൽ ശ്രീവീരഭദ്രകാളി ക്ഷേത്രത്തിനു നേരെ നടന്ന ഗുണ്ടാവിളയാട്ടത്തിൽ പ്രതിഷേധിച്ച് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരും നാട്ടുകാരും പങ്കെടുത്തു.
ക്ഷേത്രത്തിന് സമീപം അടുത്തിടെ താമസമാക്കിയ കേസിലെ ഒന്നാം പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ആ.ഭാ ബിജു പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.ജി. പ്രസാദ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.പി. ശശീന്ദ്രൻ, ഗാന്ധിനഗർ ശ്രീകുമാരധർമ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ്, രൂപേഷ് പൊയ്യാട്ട് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |