പാലക്കാട്: യു.പിയിലെ നോയിഡയിൽ കൂലി വർധനയും നിയമപരമായ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തേക്ക് പ്രതിഷേധ ജാഥ നടത്തി. തുടർന്ന് നടന്ന ഐക്യദാർഡ്യ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്ന നോയിഡയിലെ തൊഴിലാളികൾക്ക് മാസം 14,000 രൂപ വരെയായിരുന്നു പരമാവധി വേതനം ലഭിച്ചിരുന്നത്. കയറ്റുമതി തടസം നേരിട്ടതോടെ ഓവർടൈം ഇല്ലാതാക്കുകയും രണ്ടു മാസത്തിലധികം കൂലി പിടിച്ചുവെക്കാനും തുടങ്ങിയതോടെയാണ് തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തൊഴിലാളികളുടെ മാസ ശമ്പളം കുറഞ്ഞത് 25,000 രൂപയായി വർധിപ്പിക്കണമെന്ന നോയിഡയിലെ സംഘടനകളുടെ ആവശ്യം ന്യായമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ കെ.ആർ.മോഹൻദാസ് അദ്ധ്യക്ഷതവഹിച്ചു. കെ.സി.ജയപാലൻ, കെ.മല്ലിക, പി.ചിന്നക്കുട്ടൻ, പി.കെ.വാസുദേവൻ, എം.എസ്.ചന്ദ്രശേഖരൻ, രമേശ് വടവന്നൂർ, സുരേഷ് കണ്ണാടി, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ, ട്രഷറർ എം.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |