SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

ramesh-pisharody

പാലക്കാട്: സിനിമാ അഭിനയം നിർത്തിയെന്ന് നടൻ രമേഷ് പിഷാരടി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ വിജയത്തിന് പിന്നാലെയാണ് പ്രതികരണം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെതിരെ 13147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പിഷാരടി ജയിച്ചുകയറിയത്.

സ്റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള അഞ്ച് വർഷം പാലക്കാടിനുവേണ്ടി മാത്രമാണ് ജീവിതമെന്നും പിഷാരടി വ്യക്തമാക്കി. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം. നടനായ പിഷാരടിയെ നിങ്ങൾ ജയിപ്പിക്കേണ്ട, രാഷ്ട്രീയക്കാരനായ പിഷാരടിയെ ജയിപ്പിച്ചാൽ മതിയെന്നായിരുന്നു നോമിനേഷൻ നൽകിയതിനുപിന്നാലെ പിഷാരടി പറഞ്ഞത്.

62,199 വോട്ടുകൾ നേടിയ പിഷാരടി 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 49,053 വോട്ടുകൾ നേടിയ ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. കണ്ണാടിയിൽ സ്ഥാനാർത്ഥി പണം നൽകുന്നു എന്നാരോപിച്ച് പുറത്തുവന്ന വീഡിയോ പ്രചാരണത്തിന്റെ ഗതി മാറ്റി. ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരുമായി ശോഭ സുരേന്ദ്രൻ നേരിട്ട് തർക്കത്തിൽ ഏർപ്പെട്ടതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 2011 മുതൽ യുഡിഎഫ് കൈവശം വച്ചിരുന്ന പാലക്കാട് മണ്ഡലം ഇത്തവണ പിടിച്ചെടുക്കാം എന്ന ബിജെപിയുടെ മോഹങ്ങൾ ഇതോടെ പൊലിയുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAMESH PISHARODY, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA